Thursday, May 9, 2024
spot_img

രാജി തുടർക്കഥ… കോൺ​ഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെ പി അനിൽകുമാർ; സസ്പെൻഷൻ പിൻവലിക്കാത്തതിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കോൺ​ഗ്രസിൽ രാജി തുടർക്കഥയാവുന്നു. ഇപ്പോഴിതാ കോൺഗ്രസിൽ നിന്ന് രാജിക്കൊരുങ്ങിയിരിക്കുകയാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ കെ.പി അനിൽകുമാർ. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനവുമായാണ് കെ പി അനിൽകുമാർ രം​ഗത്തെത്തിയത്. ചാനൽ ചർച്ചയിലാണ് അദ്ദേഹം പട്ടികയ്ക്കും നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്.

എന്നാൽ പട്ടിക സംബന്ധിച്ച് വിമര്‍ശനം നടത്തിയതിന് അനില്‍കുമാറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ അദ്ദേഹം നല്‍കിയ വിശദീകരണത്തില്‍ നേതൃത്വം തൃപ്തരല്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പെട്ടെന്ന് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ അനില്‍ കുമാറിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുകയാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

അനിൽകുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

“പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ​ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്‍റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു” അനിൽ കുമാർ പറഞ്ഞത്.

Related Articles

Latest Articles