Tuesday, October 6, 2026

അടങ്ങാത്ത അഭിനയ മോഹം; മഹേശ്വരിയമ്മ, കെപിഎസി ലളിതയായി മാറിയതിങ്ങനെ….

അഭിനയത്തികവ് കാണിക്കാൻ പ്രധാന വേഷങ്ങളിൽ എത്തേണ്ട ആവശ്യമില്ലെന്ന് മലയാളിയെ എപ്പോഴും ഓർമ്മിപ്പിച്ച ഒരു നടിയാണ് കെപിഎസി ലളിത(KPAC Lalitha Life). ബി.മഹേശ്വരി എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. ആലപ്പുഴയിലെ കായംകുളത്ത് മഹേശ്വരി അമ്മ എന്ന പേരിൽ വളർന്നുവന്ന പെൺകുട്ടി.. കടയ്‌ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മൂന്ന് മക്കളിൽ ഒരാൾ.. കുട്ടിക്കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം അഭ്യസിച്ചു. ചങ്ങനാശേരിയിലെ പെരുന്നയിലെ രവി സ്റ്റുഡിയോയിലായിരുന്നു മഹേശ്വരിയുടെ അച്ഛന് അന്ന് ജോലി. ആ കെട്ടിടത്തിന്റെ മുകളിലാണ് ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി.

അച്ഛന് ചോറുകൊടുക്കാൻ പോകുമ്പോഴെല്ലാം മഹേശ്വരി (കെപിഎസി ലളിത) നാടക റിഹേഴ്‌സൽ കൂടി കാണാൻ പോകുമായിരുന്നു. ഒരുദിവസം ഗീഥായുടെ ഉടമ ചാച്ചപ്പൻ അച്ഛനോട് മകളെ നാടകത്തിന് വിടുമോ എന്ന് ചോദിച്ചു. പക്ഷേ അച്ഛന് വിയോജിപ്പായിരുന്നു. ഒടുവിൽ ഏറെ നിർബന്ധത്തിന് വഴങ്ങി ഒരു നൃത്തരംത്തിൽ മാത്രം അഭിനയിക്കാൻ അവസരം ലഭിച്ചു. ‘ബലി’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. പത്താം വയസിൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. പിന്നീട് ഗീഥായുടെ അവിഭാജ്യ ഘടകമായി മഹേശ്വരി. ഗീഥായുടെ നാടകങ്ങളിലെ പ്രധാന വേഷങ്ങളിലെല്ലാം മഹേശ്വരി തിളങ്ങി. എന്നാൽ ഈ സന്തോഷം അധികനാൾ നിന്നില്ല.

ചില പ്രശ്‌നങ്ങളെ തുടർന്ന് ഗീഥാ പൂട്ടി. പക്ഷേ അഭിനയമെന്ന മോഹത്തിന് മഹേശ്വരിയുടെ മനസിൽ പൂട്ട് വീണില്ല. അതിനിടെ കോഴിക്കോട് ബഹദൂറിന്റെ സമിതിയിൽ മഹേശ്വരിക്ക് ക്ഷണം ലഭിച്ചു. അവിടെ നിന്ന് അഡ്വാൻസും ലഭിച്ചു. കെപിഎസിയിൽ ചേരുകയെന്ന സ്വപ്‌നം വഴുതിപ്പോകുന്നുവെന്ന് തോന്നിയപ്പോഴേക്കും അപ്രതീക്ഷിതമായി മഹേശ്വരിയെ തേടി ആ ടെലിഗ്രാമെത്തി…’വേഗമെത്തണം’. ഉടൻ ബഹദൂറിന് അഡ്വാൻസ് തിരികെ നൽകി കെപിഎസിയിലേക്കുള്ള വണ്ടി പിടിച്ചു മഹേശ്വരി. കെപിഎസിയിൽ അഭിനയിച്ചിരുന്ന കാലത്താണ് സിനിമാ മോഹം ലളിതയുടെ ഉള്ളിൽ മൊട്ടിടുന്നത്. കൂട്ടുകുടുംബം സിനിമയാകുന്നുവെന്ന വാർത്ത ലളിതയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ തനിക്ക് സിനിമയിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഉദയാ സ്റ്റുഡിയോയിൽ നാടകം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു. ഉദയാ കുടുംബത്തിലും ജീവനക്കാർക്കും വേണ്ടിയായിരുന്നു നാടകം സംഘടിപ്പിച്ചിരുന്നത്. അത് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ക്ഷണം ലളിതയെ തേടി ഒരു കത്ത് വന്നു. ‘കൂട്ടുകുടുംബം സിനിമയാകുന്നു. നാടകത്തിൽ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. കെ.എസ് സേതുമാധവനായിരുന്നു കൂട്ടുകുടംബത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഷോട്ടെടുത്തത് കെപിഎസി ലളിതയെ വച്ചായിരുന്നു. ചിത്രം ഹിറ്റായി. സംസ്ഥാന അവാർഡും തേടിയെത്തി. ആദ്യമായി ഉദയയിലെത്തി ആദ്യ ഷോട്ടെടുത്ത ചിത്രത്തിന് സംസ്ഥാന അവാർഡ്..! അങ്ങനെ ഏറെ നാൾ ഉദയയുടെ എല്ലാ ചിത്രങ്ങളിലും ആദ്യ ഷോട്ടെടുത്തിരുന്നത് കെപിഎസി ലളിതയെ വച്ചായിരുന്നു. പിന്നീട് പ്രൊഡക്ഷൻ ഹൌസുകൾ മാറി മാറി വന്നു. താരങ്ങൾ മിന്നി മറഞ്ഞു…അരങ്ങ് വാണ് കെപിഎസി ലളിത 44 വർഷത്തോളം സിനിമയിൽ മാറ്റമില്ലാതെ നിറഞ്ഞ് നിന്നു.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കുനോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നീ ചിത്രങ്ങൾ കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്റെ മാറ്റുകൂട്ടിയ ചിത്രങ്ങളാണ്.നാടകത്തിലും സിനിമയിലും കൂടാതെ സീരിയലുകളിലും ലളിത സജീവമായിരുന്നു. അമ്മയായും അമ്മായിഅമ്മയായും സഹോദരിയായും ചേട്ടത്തിയായുമെല്ലാം ഓരോ മലയാളിയുടെയും വീട്ടിലെ അംഗമായി മാറി. 1978-ലായിരുന്നു പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഭരതനുമായുള്ള ലളിതയുടെ വിവാഹം.

1998ൽ ഭരതൻ മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ച ലളിതയുടെ മകൻ പ്രശസ്ത അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥാണ്. ശ്രീക്കുട്ടിയെന്ന മകൾ കൂടിയുണ്ട്. എന്നാൽ അസുഖം ബാധിച്ച് അവശനിലയിലായത് മുതൽ മലയാളക്കര മുഴുവൻ കെപിഎസി ലളിതയുടെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലായിരുന്നു. അഭ്രപാളിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയ്ക്കിടെയാണ് നമ്മെ നടുക്കിക്കൊണ്ട് ആ വിയോഗ വാർത്ത ഇന്നലെ രാത്രിയോടെ പുറത്തുവന്നത്.

Related Articles

Latest Articles