Friday, May 3, 2024
spot_img

വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു; ലോക്കപ്പ് തുറന്ന് പുറത്തിറക്കി കോൺഗ്രസ്സ് നേതാക്കന്മാർ, കാലടി പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

കാലടി: വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ ലോക്കപ്പ് തുറന്ന് മോചിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കാലടി പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് കാലടി പൊലീസ് സ്റ്റേഷനിലെത്തി കെഎസ്‌യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കണ്മുന്നിൽ നിന്നാണ് അറസ്റ്റ് ചെയ്തവരെ നേതാക്കന്മാരെത്തി മോചിപ്പിച്ചത്. പോലീസുകാരും നേതാക്കന്മാരും ചേർന്ന് വാക്കേറ്റവും ഉണ്ടായി.

കാലടി ശ്രീശങ്കര കോളജിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്നാണ് റോജി എം ജോണ്‍ പ്രതികരിച്ചത്. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെയെന്നും വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയതെന്നും എംഎല്‍എ പറഞ്ഞു. ലോക്കപ്പിലിട്ട വിദ്യാര്‍ഥികളെ റോജി എം.ജോണ്‍ പുറത്തിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles