Monday, May 27, 2024
spot_img

കടകംപള്ളിയെ വലിച്ചുകീറി കുമ്മനം; ഇതിലും വലിയ മറുപടി സ്വപ്നങ്ങള്‍ മാത്രം

തന്നെ പരിഹസിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് ചുട്ടമറുപടിയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് കടകംപള്ളിയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കുന്ന കുമ്മനത്തിന്‍റെ മറുപടി. കുമ്മനം കടകംപള്ളിക്ക് നല്‍കിയ മറുപടി അതിവേഗം തന്നെ ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്.

ബഹുമാനപ്പെട്ട ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്ന അഭിസംബോധനയോടെയാണ് കുമ്മനം തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൽ അങ്ങ് എന്നെ അഭിസംബോധന ചെയ്ത രീതിയിൽ പ്രാസമൊപ്പിച്ച് തിരിച്ചും അഭിസംബോധന ചെയ്യാൻ പറ്റാത്തതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ. അത് എന്റെ ഒരു പോരായ്മയാണെന്ന് അങ്ങ് മനസ്സിലാക്കുമെന്ന് കരുതുന്നു. ഞാൻ വളർന്നു വന്ന സാഹചര്യവും അതിലുപരി ഞാൻ പ്രതിനിധാനം ചെയ്യുന്ന ആദർശവുമാണ് ആ പോരായ്മയ്ക്ക് കാരണമെന്നും കുമ്മനം പറയുന്നു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മന്ത്രിയായി വിരാജിക്കുന്ന അങ്ങയെപ്പോലെ ഔന്നത്യമുള്ള ഒരാൾ വെറും കുളിമുറി സാഹിത്യകാരൻമാരേപ്പോലെ അധ:പതിച്ചതാണോ ഉയർന്നതാണോയെന്ന് സമയം കിട്ടുമ്പോൾ പരിശോധിക്കുമെന്ന് കരുതുന്നുവെന്ന് കുമ്മനം തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തുടര്‍ന്നാണ് കുമ്മനം കടകംപള്ളിയുടെ ആക്ഷേപത്തിന് മറുപടി നല്‍കുന്നത്. രാഷ്ട്രീയമെന്നത് കടിക്കാനും പിടിക്കാനുമാണെന്ന അങ്ങയുടെ ചിന്തയല്ല എന്നെ നയിക്കുന്നത്. കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവിൽ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങൾക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോയെന്നും കുമ്മനം ചോദിക്കുന്നു. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയിൽ എന്റെ പേര് ഉൾപ്പെടാഞ്ഞതുമെന്നും കുമ്മനം കൂട്ടിച്ചേര്‍ക്കുന്നു.

താങ്കള്‍ പറഞ്ഞ ആ അർത്ഥത്തിൽ ഞാനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണ്. എനിക്ക് മാസപ്പടി നൽകാനോ ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നൽകാനോ കള്ളവാറ്റുകാരനോ കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ക്യൂ നിൽക്കുന്നില്ല. അവരുമായി എനിക്ക് ചങ്ങാത്തവുമില്ല. ഇതും അങ്ങയുടെ ദൃഷ്ടിയിൽ ഒരു പോരായ്മ തന്നെയാണല്ലോയെന്നും കുമ്മനം തന്‍റെ കുറിപ്പിലൂടെ കടകംപള്ളിയോട് ചോദിക്കുന്നു.

28ാം വയസ്സിൽ കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് ഞാൻ പൊതു പ്രവർത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവർത്തനത്തിൽ വന്നതിന് ശേഷം ‘ജോലി’ കിട്ടിയതല്ല. മാത്രവുമല്ല കടിപിടി കൂടാൻ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവർണ്ണർ സ്ഥാനം ഉപേക്ഷിക്കാൻ പാർട്ടി നിർദ്ദേശിച്ചപ്പോൾ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിർന്നത്.

കൂടെയുള്ളവന്റെ കുതികാൽ വെട്ടിയും അധികാരത്തിൽ കടിച്ചു തൂങ്ങണമെന്ന അങ്ങയുടെ വികാരമല്ല എന്നെ നയിച്ചത്. അതു കൊണ്ടാണ് വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് ആദ്യമേ നിലപാടെടുത്തതെന്നും കുമ്മനം തന്‍റെ കുറിപ്പില്‍പറയുന്നു.

പരാജയ ഭീതി കൊണ്ടാണ് മത്സരരംഗത്ത് നിന്ന് പിൻമാറിയതെന്ന കടകംപള്ളിയുടെ ബാലിശമായ ആരോപണത്തിന്‍റെ മുനയൊടിക്കുകയാണ് കുമ്മനം തന്‍റെ എഫ് ബി കുറിപ്പിലൂടെ. 10 വോട്ട് തികച്ചു കിട്ടാൻ സാധ്യതയില്ലാത്ത കാലം മുതൽ ഞാനും എന്റെ പ്രസ്ഥാനവും മത്സര രംഗത്തുണ്ട്. ആ പാരമ്പര്യം താങ്കൾക്കോ താങ്കളുടെ പാർട്ടിക്കോ ഉണ്ടോ?. കേരളത്തിന് വെളിയിൽ ഒന്നു നിവർന്ന് നിൽക്കാൻ ഏത് ഈർക്കിൽ സംഘടനയുമായും കൈകോർക്കുന്ന താങ്കളുടെ പാർട്ടിയുടെ ദയനീയാവസ്ഥ ഓർത്ത് സഹതപിക്കാനേ ഇപ്പോൾ തരമുള്ളൂയെന്നും കുമ്മനം പറയുന്നു.

സിപിഎം നടത്തിയിട്ടുള്ള വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കിൽ ബിജെപിക്ക് കേരള നിയമസഭയിൽ നിരവധി ബിജെപി അംഗങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ എന്നും കുമ്മനം ചോദിക്കുന്നു. ഇതേപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വട്ടിയൂർക്കാവ് എംഎൽഎയായിരുന്ന കെ മുരളീധരനും നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധിച്ചാൽ മതി. രണ്ടിന്റെയും ദൃശ്യങ്ങള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണെന്നും കുമ്മനം ഓര്‍മിപ്പിക്കുന്നു.. അൽപ്പമെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കിൽ അണികളെ വഞ്ചിക്കുന്ന ഈ തറക്കളി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. ചുരുങ്ങിയ പക്ഷം പാർട്ടി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടാനെങ്കിലും തയ്യാറാകണമെന്നും കുമ്മനം കടകംപള്ളിയെ ഓര്‍മിപ്പിക്കുന്നു.

കടകംപള്ളിയുടെ തന്‍റേടമില്ലയ്മയെ കണക്കിന് പരിഹസിക്കുന്നുണ്ട് കുമ്മനം തന്‍റെ പോസ്റ്റിലൂടെ. താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം പലകുറി കണ്ടതാണെന്നും. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ചെന്ന് ഒന്ന് കൈകൂപ്പാൻ പോലും പറ്റാത്ത വിധം വിധേയനായി ജീവിക്കുന്ന താങ്കൾ സ്വന്തമായി എന്ത് അഭിപ്രായം പറയാനാണെന്നും തന്‍റെ കുറിപ്പിലൂടെ കുമ്മനം ചോദിക്കുന്നു.. സ്വന്തം അഭിപ്രായം നിവർന്ന് നിന്ന് പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും പാർട്ടിയിൽ നിന്ന് നേടിയിട്ട് പോരേ മറ്റ് പാർട്ടിക്കാരേ ഉപദേശിക്കാൻ?. ശബരിമല ആചാര ലംഘനത്തിനുള്ള സ്ത്രീകളെ സ്വന്തം മണ്ഡലത്തിൽ നിന്ന് ആശീർവദിച്ച് അയച്ചിട്ട് അങ്ങ് നടത്തിയ കപട നാടകവും ജനങ്ങൾ കണ്ടതാണെന്നും കുമ്മനം പറയുന്നു.

ഇതിനു മുൻപ് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് കടകംപള്ളി ചെളിവാരിയെറിയാന്‍ ശ്രമിച്ചതും കടകപള്ളിയെ തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായതുമെല്ലാം കുമ്മനം തന്‍റെ എഫ് ബി കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്.കടകംപള്ളിക്കെതിരെ ഉന്നയിച്ച രാഷ്ട്രീയ ആരോപണത്തില്‍ അടിയുറച്ച് നില്‍ക്കുന്നതായും കുമ്മനം പറയുന്നു.
ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത് താങ്കളുടെ പാർട്ടിയിലെ പ്രവർത്തകർ തന്നെയാണ്. വട്ടിയൂർക്കാവിൽ വിജയം അത്ര ഉറപ്പാണെങ്കിൽ മേയർ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാൻ താങ്കളുടെ പാർട്ടിയെ ഞാൻ വെല്ലു വിളിക്കുകയാണെന്നും കുമ്മനം പറയുന്നു.
പ്രശാന്തിനെപ്പറ്റി ഇത്രയധികം വാത്സല്യവും ഉത്കണ്ഠയുണ്ടെങ്കിൽ ആദ്യം പാർട്ടി ചിഹ്നത്തിൽ വോട്ടു ചെയ്യാൻ സ്വന്തം അണികളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. വോട്ടു കച്ചവടം നടത്തിയല്ല ബിജെപിയെ തോൽപ്പിക്കേണ്ടത്. അതിനുള്ള ധീരത ഇത്തവണയെങ്കിലും സി പി എം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ തന്‍റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

Related Articles

Latest Articles