Saturday, April 27, 2024
spot_img

ഐ എ എസുകാരന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം- യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന് കെ യു ഡബ്ലു ജെ

തിരുവനന്തപുരം-ഐ എ എസുകാരന്‍റെ വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്.സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ യു ഡ‍ബ്ല്യു ജെ സംസ്ഥാന സെക്രട്ടറി സി നാരായണന്‍ മുന്നറിയിപ്പ് നല്‍കി.ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്.ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പു പറയുന്നില്ല.

ഈ അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ലെന്നും കെ യു ഡബ്ല്യു ജെ സംസ്ഥാന സെക്രട്ടറി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്.എന്താണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ് ഉണ്ടായത് . കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബത്തെ സഹായിക്കണം.അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്‍റെ മുഴുവന്‍ രൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ…

ഒരു പാവം മനുഷ്യന്‍ ഒറ്റനിമിഷത്തില്‍ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്‍റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു. എന്താണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങള്‍ പോകണം. ശ്രീരാം വെങ്കിട്ടരാമന്‍റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പു പറയുന്നില്ല ഇപ്പോള്‍. പൊലീസിന്‍റെ നിലപാടുകള്‍ സംശയാസ്പദമാണ്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ് ഉണ്ടായിട്ടുള്ളത് . അദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണം.

എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍
സംസ്ഥാന സമിതി

Related Articles

Latest Articles