Monday, May 6, 2024
spot_img

സമാനതകളില്ലാത്ത ധൈര്യം; തീപിടിത്തത്തിൽ നിന്ന് സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീരമൃത്യു; ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് ശ്രദ്ധാഞ്ജലികളോടെ വിടനൽകി രാജ്യം

ലഖ്‌നൗ: ആയുധപ്പുരയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് സഹപ്രവർത്തകരെ രക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് നാടിന്റെ ശ്രദ്ധാഞ്ജലി. സിയാച്ചിനിൽ റെജിമെന്റൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു അൻഷുമാൻ. കഴിഞ്ഞ ജൂലൈ 19 അർദ്ധരാത്രിയാണ് സൈനിക കേന്ദ്രത്തിലെ ആയുധപ്പുരയ്ക്ക് തീപിടിച്ചത്. തീപിടിത്തമുണ്ടായ ഉടനെ പരിക്കൊന്നും കൂടാതെ അൻഷുമാൻ പുറത്തെത്തിയിരുന്നു. പക്ഷെ മൂന്നു സൈനികർ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം വീണ്ടും അകത്തുകടന്ന് മൂന്നുപേരെയും രക്ഷപെടുത്തി പുറത്തെത്തി. എന്നാൽ വീണ്ടും ഉള്ളിൽ സൈനികർ ഉണ്ടെന്ന നിഗമനത്തിൽ അകത്തുകടന്ന അദ്ദേഹത്തിന് പിന്നീട് രക്ഷപെടാനായില്ല. സമാനതകളില്ലാത്ത ധൈര്യമാണ് അദ്ദേഹം കാട്ടിയതെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.

ധീര സൈനികന്റെ സംസ്കാരം വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാളിചരൺ ഘട്ടിൽ പൂർണ്ണ ഔദ്യോഗിക എംബഹുമതികളോടെ നടന്നു. അദ്ദേഹത്തിന്റെ പിതാവ് രവി പ്രതാപ് സിംഗാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉത്തർപ്രദേശ് സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു. നേരത്തെ പ്രത്യേക വിമാനത്തിലാണ് അന്തരിച്ച സൈനികന്റെ മൃതദേഹം ഗോരഖ്‌പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെനിന്നും റോഡ് മാർഗ്ഗം ജന്മനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. നേരത്തെ പ്രതികൂല കാലാവസ്ഥ കാരണം മൃതദേഹം വഹിച്ചുള്ള വിമാനത്തിന് സിയാച്ചിനിൽ നിന്ന് പറന്നുയരാൻ സാധിച്ചിരുന്നില്ല. അതിനാൽ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

Related Articles

Latest Articles