Thursday, May 2, 2024
spot_img

സംഗീത ലോകത്തിന് തീരാ നഷ്ടം, ഭാരതത്തിന്റെ വാനമ്പാടി വിടപറഞ്ഞു. ലതാ മങ്കേഷ്‌കർ ഓർമ്മയായി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി വിട ചൊല്ലി. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു കോവിഡ് ബാധിതയായിരുന്നു.

ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച് കാന്‍ഡി ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സഹോദരങ്ങളായ ആശാ ഭോസ്‌ലെയും ഹൃദയനാഥ് മങ്കേഷ്‌കറും ആശുപത്രിയിൽ എത്തിയിരുന്നു. കുടുംബാംഗങ്ങളെ കൂടാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, ബോളിവുഡ് സംവിധായകൻ മധുര് ഭണ്ഡാർക്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി നേതാവ് എം.പി ലോധ ഉൾപ്പെടെയുള്ളവർ ലതയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

1963 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ അന്നത്തെ രാഷ്ട്രപതി രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും സാന്നിധ്യത്തിൽ ദില്ലി നാഷണൽ സ്റ്റേഡിയത്തിൽ ലതാ മങ്കേഷ്‌കർ ആലപിച്ച ‘മേരേ വതൻ കി ലോഗോ’ എന്ന ദേശഭക്തി ഗാനം ജനഹൃദയങ്ങളിൽ ഇന്നും ദേശഭക്തി നിറക്കുന്നു. ഗാനം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ ബീറ്റിങ് റിട്രീറ്റിൽ ഈ വർഷം ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ ലതാ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ലത മങ്കേഷ്‌കർ മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹയായിരുന്നു ലതാ മങ്കേഷ്‌കർ.എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്‌നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. പദ്മഭൂഷണ്‍, ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രാന്‍സിന്റെ ലീജിയന്‍ ഓഫ് ഓണര്‍, ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലതാ മങ്കേഷ്കർ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 15 ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ മികച്ച വനിതാ പിന്നണി അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നിരവധി അംഗീകാരങ്ങളും ലതയെ തേടിയെത്തിയിട്ടുണ്ട്.ദുരിതങ്ങളുടെ തീക്കനലുകളില്‍ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയര്‍ന്ന ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പ്രണാമം

Related Articles

Latest Articles