Wednesday, May 15, 2024
spot_img

രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം;ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയുൾപ്പടെയുള്ള പ്രമുഖർ; ദുഃഖത്തിലാഴ്ന്ന് ലോകത്തെ എല്ലാ സംഗീത പ്രേമികളും

ദില്ലി: ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഭാരതത്തിന്റെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്.

ലതാ മങ്കേഷ്‌കറുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.

സംഗീത ലോകത്തിന് ലതാ മങ്കേഷ്‌കർ നൽകിയ സംഭാവനകൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ലതാ മങ്കേഷ്‌കറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്. മലയാളത്തിലെ കദളീ ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ ഗാനാലാപനം നടത്തി. സമാനതകളില്ലാത്ത ഈ ഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു.

ലോകത്തെ എല്ലാ സംഗീത പ്രേമികളുടെയും ഹൃദയത്തിൽ കുടികൊള്ളുന്ന ലതാ മങ്കേഷ്‌കറുടെ വിയോഗം ഹൃദയഭേദകമാണ്.

ഇന്ന് രാവിലെ 9.45ഓടെയാണ് ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലതാ മങ്കേഷ്‌കർ.

കഴിഞ്ഞ ദിവസം ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Related Articles

Latest Articles