Saturday, April 20, 2024
spot_img

കോവിഡ്: രോഗമുക്തി നിരക്ക് ഉയരുന്നു; ഇന്നും പതിനായിരത്തിൽ താഴെ രോഗികൾ മാത്രം; 120 കോടിയിലേയ്ക്ക് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡ് ഭീതി (Covid Updates In India) ഒഴിയുന്നു. ഇന്നും പതിനായിരത്തിൽ താഴെ രോഗികൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,264 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,09,940 ആയി കുറഞ്ഞു. 98.33 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 396 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,66,980 ആയി.

അതേസമയം രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി. കഴിഞ്ഞ 539 ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 119 കോടി ആളുകൾ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിലും രോഗബാധ കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 4280 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,361 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4955 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 51,302 കോവിഡ് കേസുകളില്‍, 7.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles