സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണം; കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസിന് നേരെ കല്ലേറ്

0
Congress Protest
Congress Protest

ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനിയായ മൊഫിയ പർവീൺ (Mofiya Suicide) ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസിന് നേരെ സമരക്കാർ കല്ലെറിഞ്ഞു. ഇവിടേക്ക് വലിയ പ്രകടനമായി എത്തിയ പ്രവർത്തകർ ആദ്യം വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിന്മാറാതിരുന്നതോടെ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. സി.ഐ.സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പകലാണ് സമരം ആരംഭിച്ചത്.

കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്. പോലീസ് സമരക്കാരെ പ്രകോപിപ്പിച്ച് അക്രമാസക്തരാക്കാൻ ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഒരു പെൺകുട്ടി പോലീസുകാരന്റെ പേരെഴുതി വച്ച് ആത്മഹത്യ ചെയതിട്ട് സർക്കാർ എന്തു ചെയ്‌തെന്ന് ഷിയാസ് ചോദിച്ചു. അതേസമയം മൊഫിയ നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സി.ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ഡി.വൈ.എസ്.പി സി.ഐക്ക് കൈമാറിയിരുന്നു. എന്നാൽ സി.ഐ തുടർനടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ പോലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മൊഫിയ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്- “ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം.. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്‍റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും. അവനെ അത്രമേല്‍ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു”- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ മൊഫിയായുടെ വാക്കുകള്‍.