Saturday, May 4, 2024
spot_img

രാജ്യത്ത് 42,618 പുതിയ രോഗികൾ; ആശങ്കയുയർത്തി കേരളത്തിലെ കോവിഡ് സാഹചര്യം; സംസ്ഥാനത്ത് പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,29,45,907 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 29,322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തിൽ കേന്ദ്രസർക്കാർ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക കോവിഡ് അവലോകന യോഗം ചേരും. പ്രതിദിന രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടിനില്‍ക്കുമ്പോഴും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പും നല്‍കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നത്. കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളാകും ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. രാത്രികാല കര്‍ഫ്യൂ വേണ്ടന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശം. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നതും പരിഗണനയിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി രൂപീകരിക്കുന്ന കാര്യവും യോഗം പരിഗണിക്കും.

എന്നാൽ രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തുന്നത്. 36,385 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,21,00,001 പേർ ഇതുവരെ രോഗമുക്തി നേടി. 4,05,681 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 330 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,40,225 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,04,970 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 52,82,40,038 ആയി ഉയർന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles