Thursday, May 9, 2024
spot_img

പലസ്തീനിലല്ല, ഗുരുദർശനങ്ങൾ ആദ്യം കേരളത്തിൽ പ്രാവർത്തികമാക്കട്ടെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ,കാവിയുടെ മഹത്വം മനസിലാകണമെങ്കില്‍ മനസിലെ അന്ധത നീങ്ങണമെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം- ഗുരുദര്‍ശനങ്ങള്‍ പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്‍പ്പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെടിച്ചട്ടി കൊണ്ട് മറ്റൊരു മനുഷ്യന്‍റെ തല അടിച്ചു പൊട്ടിക്കുന്നതിനെ “രക്ഷാപ്രവര്‍ത്തനം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതേ നാട്ടിലാണ് ” ഒരു പീഡയെറുമ്പിനും വരുത്തരുത്” എന്ന് ഗുരു പഠിപ്പിച്ചത് എന്നോര്‍ക്കണം. സഹജീവിയോട് കരുണയും സ്നേഹവും കരുതലും ഉള്ളവര്‍ക്ക് അത്താഴപ്പട്ടിണി മാറ്റാന്‍ അരി ചോദിക്കുന്നവരെ അധിക്ഷേപിക്കാനാവില്ല. സഹജീവികളോട് അനുകമ്പയുള്ളവര്‍ക്ക് നിരായുധരായ മനുഷ്യരെ വളഞ്ഞിട്ട് തല്ലുന്നവരെ അഭിനന്ദിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കാവി വെറുക്കപ്പെടേണ്ട നിറമാണെന്ന് ഗുരു പറഞ്ഞതായി തന്‍റെ അറിവില്‍ ഇല്ലെന്നും വി.മുരളീധരൻ പറഞ്ഞു. കാവിയുടെ മഹത്വം മനസിലാകണമെങ്കില്‍ മനസിലെ അന്ധത നീങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സനാതന ധര്‍മ പാരമ്പര്യത്തെ വക്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഏറ്റവുമധികം നടത്തിയിട്ടുള്ളത് നിരീശ്വരവാദം പിന്തുടരുന്നവരാണ്. പ്രാചീനവും പരിശുദ്ധവുമായ സനാതന പരമ്പരയെ അപമാനിക്കാൻ മാർക്സിസ്റ്റ് ചരിത്രകാരൻമാർ തലമുറകളായി പരിശ്രമിക്കുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അയോധ്യയിലടക്കം അതാണ് കണ്ടത്.

ശ്രീനാരായണീയരുടെ വേദിയിലുടനീളം ചിലര്‍ ഭാരതീയ തത്വചിന്തയെ അവഹേളിക്കാനും സനാതനധര്‍മ പാരമ്പര്യത്തെ അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നു. വിനായകാഷ്ടകം എഴുതിയ ശ്രീനാരായണഗുരുവിന് സനാതന ധര്‍മവുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ഹിന്ദു മതത്തിലെ ദേവീദേവൻമാരെ പ്രകീർത്തിച്ചു മുപ്പതിലേറെ കീർത്തനങ്ങൾ എഴുതിയ വ്യക്തിയാണ് ശ്രീ നാരായണഗുരുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles