Thursday, May 9, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നാണ് നടക്കുക. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

തമിഴ്നാട്-39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മധ്യപ്രദേശ്-6, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, ആസാം-5, ബീഹാർ-4, പശ്ചിമബംഗാൾ-3, അരുണാചൽ പ്രദേശ്, മേഘാലയ-2, ലക്ഷദ്വീപ്, പുതുച്ചേരി, മണിപ്പൂർ, ജമ്മുകാശ്മീർ, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒന്നു വീതം എന്നീ സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്.

സൂക്ഷ്മ പരിശോധന മാ‍‌ർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിര‍ഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാ​ഗത്തിൽ നിന്നുള്ള സ്ഥാനാ‍ർത്ഥികൾ 12500 രൂപ കെട്ടിവെച്ചാൽ മതി. കേരളമുൾപ്പെടെ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 28 ന് പുറത്തിറക്കും.

2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ആകെയുള്ള 543 ലോക്സഭാ സീറ്റിൽ 412 ജനറൽ സീറ്റുകളും 84 പട്ടികജാതി സംവരണ സീറ്റുകളും 47 പട്ടികവർഗ്ഗ സംവരണ സീറ്റുകളുമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്‌ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും.

Related Articles

Latest Articles