Thursday, May 23, 2024
spot_img

കസ്റ്റംസ് നിരീക്ഷണത്തിൽ എം ശിവശങ്കർ: രണ്ട് ദിവസംകൂടി മെഡിക്കൽ കോളേജിൽ തുടരും; തുടർചികിൽത്സക്കായി ഇന്ന് മെഡിക്കൽ ബോർഡ് യോഗം

തിരുവനന്തപുരം: എം ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐസിയുവിൽ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക.

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോ‍ർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്. നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും.

മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.

വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.

Related Articles

Latest Articles