Thursday, May 9, 2024
spot_img

വണ്ടിപ്പെരിയാർ കേസിൽ മഹിളാ മോർച്ചാ പ്രവർത്തകരുടെ മാർച്ച് പോലീസ് ആസ്ഥാനത്തേക്ക്! അപ്രതീക്ഷിത നീക്കത്തിൽ പ്രവർത്തകർ ഡിജിപിയുടെ വസതിയിലേക്ക് ചാടിക്കടന്നു! തലസ്ഥാനത്ത് ശക്തമായ സമരത്തിൽ അമ്പരന്ന് പോലീസ്

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിൽ പ്രോസിക്യൂഷൻ വീഴ്ച ആരോപിച്ച് മഹിളാമോർച്ചയുടെ ശക്തമായ പ്രതിഷേധം. പോലീസ് ആസ്ഥാനത്തേക്ക് രാവിലെ പത്തുമണിയോടെ മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രവർത്തകർ അപ്രതീക്ഷിതമായി ഡിജിപി യുടെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കടന്നു. വനിതാ പോലീസ് ഇല്ലാതെ സുരക്ഷയൊരുക്കിയ പോലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി. അരമണിക്കൂറോളം ഡിജിപി യുടെ വസതിയിൽ തുടന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. കൂടുതൽ വനിതാ പോലീസിനെ എത്തിച്ച ശേഷമാണ് പ്രവർത്തകരെ അവിടെനിന്ന് നീക്കിയത്. പിന്നീട് പോലീസ് ആസ്ഥാനത്ത് നടന്ന മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരും പോലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ആൽത്തറ ജംഗ്‌ഷനിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത്‌ നീക്കി.

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അർജ്ജുനെ കോടതി വെറുതെ വിട്ടിരുന്നു. പ്രതി നിയമത്തിന്റെ കയ്യിൽ നിന്ന് രക്ഷപെട്ടതിന് കാരണം പ്രോസിക്യൂഷൻ വീഴ്ചയാണെന്ന് പരാതി ഉയർന്നിരുന്നു. കോടതി വിധിയിലും ഇത് സംബന്ധിച്ച സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതികൾ ഉയർന്നതോടെ പ്രതിഷേധം കനക്കുകയാണ്. പ്രതി അർജുൻ അറിയപ്പെടുന്ന ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന ആരോപണം ഉയർന്നിരുന്നു.

Related Articles

Latest Articles