Thursday, May 9, 2024
spot_img

ഹോൺ മുഴക്കിയെന്നാരോപിച്ച് മലയാളി കാർ യാത്രക്കാർക്ക് മർദനം; ബെംഗളൂരുവിൽ അക്രമി സംഘം പോലീസ് പിടിയിൽ ,

ബെംഗളൂരു : ഹോൺ മുഴക്കിയെന്നാരോപിച്ച് മലയാളി കാർ യാത്രക്കാരെ, ബൈക്കിലെത്തി ആക്രമിച്ച അക്രമി സംഘത്തെ പോലീസ് പിടികൂടി. രവീന്ദ്ര, ഗണേഷ്കുമാർ, കേശവ് എന്നിവരെയാണു സംഭവത്തിൽ വർത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വൈറ്റ്ഫീൽഡ് – സർജാപുര റോഡിലെ വർത്തൂരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. ഐടി ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി അശോകും രണ്ടു സുഹൃത്തുക്കളുമാണു കാറിലുണ്ടായിരുന്നത്. ഓഫിസിൽനിന്നു സർജാപുരയിലെ താമസസ്ഥലത്തേയ്ക്കു പോകവേ ഇടറോഡിലൂടെ ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ 4 പേർ കാറിനു മുന്നിൽ തടസ്സം സൃഷ്ടിച്ച് വാഹനമോടിച്ചു.തുടർന്ന് കാർ യാത്രക്കാർ ഹോണടിച്ചു. ഇതിനിടെ നടുറോഡിൽ ബൈക്കു നിർത്തിയ അക്രമികൾ കാർ യാത്രക്കാരെ ആക്രമിക്കാനൊരുങ്ങി. ഇതോടെ കാർ പിറകിലോട്ട് എടുത്ത് എതിർദിശയിലെ റോഡിലൂടെ പോയെങ്കിലും അക്രമി സംഘം പിന്തുടർന്നു. ഒടുവിൽ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലേക്കു കാർ കയറ്റാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തിയ സംഘം, കാർ തട‍ഞ്ഞ് യാത്രക്കാരെ ആക്രമിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരെയും ഇവർ മർദിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ശ്രദ്ധയിൽപ്പെട്ട വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മിഷണർ കേസെടുത്ത് അന്വേഷണമാരംഭിക്കാൻ വർത്തൂർ പൊലീസിനു നിർദേശം നൽകുകയായിരുന്നു

.

Related Articles

Latest Articles