Friday, May 17, 2024
spot_img

സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാകുന്നു! മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലെറിഞ്ഞ കേസിൽ ഒരാൾ ആർപിഎഫിന്റെ കസ്റ്റഡിയിൽ; പിടിയിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ്; പ്രതിയെ വിശദമായി ചോദ്യം ചെയ്യും

കണ്ണൂര്‍: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. ഇയാളെ ആർപിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും. ഓഗസ്റ്റ് 16 ന് മാഹിയ്ക്കും തലശ്ശേരിക്കും ഇടയിൽ വച്ചായിരുന്നു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആര്‍പിഎഫ് സംഘം പരിശോധന നടത്തിയ ശേഷം പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ച് ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്.

രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുളള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. കേന്ദ്ര രഹസ്യനേഷ്വണ വിഭാഗത്തിന് കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നൽകിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ മൂന്ന് തവണ വന്ദേഭാരതിനും സമീപകാലത്ത് ട്രെയിനുകൾക്ക് നേരെയും വ്യാപക ആക്രമണങ്ങൾ നടന്നിരുന്നു. ആർപിഎഫ് നൽകിയ റിപ്പോർട്ടിനെ ശരിവയ്‌ക്കുന്നതാണ് സമീപകാലത്ത് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണം.

55 ആക്രമണങ്ങളാണ് 22 മാസത്തിനിടെ ട്രെയിനുകൾക്ക് നേരെ കേരളത്തിലുണ്ടായത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണെന്ന് ആർപിഎഫ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ആലോചനകളും റെയിൽവേ മന്ത്രാലയത്തിൽ നടക്കുന്നുണ്ട്. ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തിയേക്കുമെന്നാണ് വിവരം.

Related Articles

Latest Articles