Thursday, September 24, 2026

പൂച്ചകുഞ്ഞുങ്ങളെ പെയിന്റടിച്ച് കടുവകുഞ്ഞുങ്ങളാക്കി; തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ

ഇടുക്കി: കടുവകുഞ്ഞുങ്ങളെന്ന വ്യാജേന പൂച്ചക്കുട്ടികളെ നിറമടിച്ച് വിൽപ്പനയ്‌ക്ക് വെച്ച യുവാവ് പിടിയിൽ. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം. തിരുവണ്ണാമല ആരണി സ്വദേശി പാർത്ഥിപൻ (24) ആണ് പിടിയിലായത്. വാട്‌സ് ആപ്പിലൂടെയാണ് ഇയാൾ കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് പരസ്യം നൽകിയത്.

മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞ് ഒന്നിന് 25 ലക്ഷം രൂപയാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ആയിട്ടാണ് കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് പരസ്യം നൽകിയത്. കടുവകുഞ്ഞുങ്ങളെ ആവശ്യമുള്ളവർ പണം നൽകിയാൽ പത്ത് ദിവസത്തിനകം എത്തിച്ചു നൽകുമെന്നും പാർഥിപൻ പറഞ്ഞു. വിവരമറിഞ്ഞ വനംവകുപ്പ് പാർത്ഥിപനെ പിടികൂടി.

മൂന്ന് കടുവക്കുഞ്ഞുങ്ങൾക്ക് സ്റ്റീൽ പാത്രത്തിൽ ഭക്ഷണം നൽകുന്ന ഫോട്ടോ സഹിതമായിരുന്നു പരസ്യം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാർഥിപൻ ഒളിവിൽ പോയി . വനംവകുപ്പ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂർ ചർപ്പണമേടിൽ നിന്ന് പാർഥിപനെ അറസ്റ്റ് ചെയ്തു. കടുവക്കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്നവർക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നൽകാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നൽകിയതായി വനംവകുപ്പ് പറഞ്ഞു. അമ്പത്തൂരിലുളള സുഹൃത്ത് അയച്ചുകൊടുത്ത കടുവക്കുഞ്ഞുങ്ങളുടെ ചിത്രമാണ് തട്ടിപ്പിനായി ഇയാൾ ഉപയോഗിച്ചതെന്നാണ് വിവരം.

Related Articles

Latest Articles