Wednesday, May 29, 2024
spot_img

മണിപ്പൂർ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്; ആദ്യഘട്ട നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു

ഇംഫാൽ: മണിപ്പൂർ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്(Manipur Elections). സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതൽ ആരംഭിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 38 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം ആദ്യഘട്ടത്തിൽ 6,29,276 വനിതാ വോട്ടർമാരുൾപ്പെടെ 12,22,713 വോട്ടർമാരാണ് സ്ഥാനാർഥികളുടെ വിധി നിർണയിക്കുക. 38 നിയമസഭാ സീറ്റുകളിൽ 29 എണ്ണം താഴ്വര ജില്ലകളിലാണ്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ എന്നീ ജില്ലകളിലായാണ് 29 സീറ്റുകൾ വ്യാപിച്ച് കിടക്കുന്നത്. ശേഷിക്കുന്ന ഒമ്പത് സീറ്റുകൾ ചർച്ചന്ദ്പൂർ, കാങ്പോക്പി, ഫെർസാൾ എന്നീ ജില്ലകളിലാണ്. ആദ്യഘട്ടത്തിൽ 15 വനിതകൾ ഉൾപ്പെടെ 173 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

ബിജെപി സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുമായ എൻ. ബിരേൻ സിംഗ് ഹീൻഗാംഗിൽ ആണ് മത്സരിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. കോവിഡ് പോസിറ്റീവ് ആയോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആയ വോട്ടർമാരെ ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും. അതേസമയം 22 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് അഞ്ചിനാണ്. മാർച്ച് 10-നാണ് വോട്ടെണ്ണൽ.

Related Articles

Latest Articles