Friday, May 24, 2024
spot_img

ആക്രിയിൽ നിന്ന് ഇലക്ട്രിക് ബൈക്ക്: വെറും നാലായിരം രൂപയ്ക്ക് ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കി എട്ടാം ക്ലാസുകാരൻ

തിരുവല്ല: ആക്രിയിൽ നിന്ന് ഇലക്ട്രിക് ബൈക്ക് നിർമ്മിച്ച് ഒരു എട്ടാം ക്ലാസുകാരൻ(Electric Bike Made By Eighth Class Student In Thiruvalla). തിരുവല്ല എം.ജി.എം സ്കൂളിലെ വിദ്യാർത്ഥി കാരയ്ക്കൽ മണ്ണൂർ വീട്ടിൽ പ്രേമാനന്ദ് – രശ്മി ദമ്പതികളുടെ മകൻ എം.പി.അഭിനന്ദ് (13‌) ആണ് 25 കിലോമീറ്റർ വേഗതയിൽ ഓടുന്ന സ്കൂട്ടർ നിർമ്മിച്ചത്. ആക്രിക്കടയിൽ നിന്ന് വാങ്ങിയ സൈക്കിളും പിതാവിന്റെ പഴയ ബൈക്കും കൂട്ടിച്ചേർത്താണ് ബൈക്ക് നിർമ്മിച്ചത്. ഇനി ഇലക്ട്രിക് കാർ സ്വന്തമായി ഉണ്ടാക്കണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ സ്വപ്നം. കാരയ്ക്കലിലെ കുടുംബവീട് വിറ്റതിനെ തുടർന്ന് മണിപ്പുഴയിലെ വാടകവീട്ടിലാണ് അഭിനന്ദും കുടുംബവും താമസിക്കുന്നത്. എം.ജി.എം സ്കൂളിലെ അധ്യാപികമാർ അഭിനന്ദിന്റെ കണ്ടുപിടിത്തങ്ങൾക്ക് പ്രോത്സാഹനമായി കൂടെയുണ്ട്.

പിതാവിന്റെ ബൈക്കിനോട് അഭിനന്ദിന് ഏറെ ഇഷ്ടമായിരുന്നു. എന്നാൽ ബൈക്ക് ഉപയോഗശൂന്യമായതോടെ ഉപേക്ഷിച്ചു. ഇത് കഴിഞ്ഞ ദിവസം ആക്രിക്കടക്കാർക്ക് വിൽക്കാൻ ശ്രമിച്ചത് അഭിനന്ദിന് ഇഷ്ടമായില്ല. ബൈക്കിന്റെ സാധനങ്ങൾ ഉപയോഗപ്പെടുത്താനാകുമെന്ന് അഭിനന്ദ് പിതാവിനെ അറിയിച്ചു. ഇതോടെ വിൽക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആക്രിക്കാർക്ക് അഭിനന്ദിന്റെ പഴയ സൈക്കിൾ കൊടുത്തശേഷം ബൈക്കിലെ സാധനങ്ങൾ ഘടിപ്പിക്കാൻ മറ്റൊരെണ്ണംവാങ്ങി. അതേസമയം പുതിയ ഒരു ബാറ്ററി വാങ്ങിയതാണ് ആകെയുള്ള പണച്ചെലവ്.

ബൈക്കിന്റെ ടയർ, ഷോക് അബ്സോർബർ, ഗിയർ ബോക്സ്, ചെയിൻ എന്നിവ സൈക്കിളിൽ ഘടിപ്പിച്ചു. ആക്രിക്കടയിൽ നിന്ന് കാറിന്റെ പവർ സ്റ്റിയറിംഗ് മോട്ടോർ എന്നിവ വാങ്ങി ബാറ്ററിയുമായി ബന്ധിപ്പിച്ചു. ഈ സൈക്കിളും പിതാവിന്റെ ബൈക്കിന്റെ സാമഗ്രികളുമായി കൂട്ടിച്ചേർത്ത് ഇലക്ട്രിക് സ്കൂട്ടറിന് രൂപം നൽകുകയായിരുന്നു. എന്നാൽ മുമ്പും നിരവധി കണ്ടുപിടിത്തങ്ങൾ ഈ കൊച്ചുമിടുക്കൻ നടത്തിയിട്ടുണ്ട്. ഇൻവെർട്ടർ, ആംപ്ലിഫയർ , പുല്ല് ചെത്തുന്ന യന്ത്രം തുടങ്ങിയവും ഈ എട്ടാം ക്ലാസ്സുകാരൻ നിർമ്മിച്ചിട്ടുണ്ട്.

Related Articles

Latest Articles