കൊച്ചി: വധഗൂഢാലോചനക്കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. മഞ്ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് മൂന്നര മണിക്കൂർ ചെലവഴിച്ച് മഞ്ജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. സായ് ശങ്കർ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയ ചില ഫയലുകളിൽ മഞ്ജുവിന്റെ ശബ്ദസന്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് മഞ്ജുവിൽ നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴിയെടുത്തത്.
എന്നാൽ മഞ്ജുവും ദീലീപും തമ്മിലെ വിവാഹബന്ധം വേർപെടുത്തിയ ശേഷം ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഈ ഘട്ടങ്ങളിൽ ദീലീപിന്റെ ഭാഗത്ത് നിന്ന് എന്ത് തരം സമീപനമാണ് ഉണ്ടായത്, വാട്ട്സ്ആപ്പ് ചാറ്റുകളിലെ വ്യക്തത എന്നിവ മഞ്ജുവിൽ നിന്ന് ചോദിച്ചറിയാനാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്ന് മൊഴിയെടുത്തത് .

