Naxal attack

കല്‍പ്പറ്റ: ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് ശേഷം വീണ്ടും വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ചു. സുഗന്ധഗിരിയിൽ നാലുതവണ മാവോയിസ്റ്റുകൾ എത്തിയതായി പ്രദേശവാസികൾ . ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തിയ മാവോയിസ്റ്റ് സംഘം തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്നാണ് പ്രദേശവാസികള്‍ വിശദമാക്കിയത് . പോലീസ് വെടിവെയ്പിൽ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തിൽ ഉണ്ടെന്ന് പ്രദേശവാസികൾ ഉറപ്പിച്ചു പറഞ്ഞു. തണ്ടർബോൾട്ട് കാര്യമായ പരിശോധന ഇവിടെ നടത്തുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.

ഉപവന് റിസോര്ട്ടില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ ചന്ദ്രുവും ബാക്കിയുള്ള 9 പേരും റിസോര്ട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ ചന്ദ്രുവിന് ദുരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പോലീസ് നിഗമനം, ഇതിന്‍റെ അടിസ്ഥാനത്തില്‍ റിസോര്ട്ടിന് പുറകില്‍ സുഗന്ദഗരിവരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ടുദിവസം തണ്ടര്‍ബോള്ട്ട് പരിശോധന നടത്തിയങ്കിലും ഫലം കണ്ടില്ല.

ഇതിനു പിന്നാലെ രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകളിലും പോലീസും പരിശോധന നടത്തിയിരുന്നു. പക്ഷെ ആരെയും കണ്ടെത്തിയില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട് വൈത്തിരിയിൽ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ മരിച്ചിരുന്നു. സംഭവത്തിൽ സർക്കാർ മജിസ്റ്റീരിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.