Friday, May 17, 2024
spot_img

തിയേറ്ററുകള്‍ വീണ്ടും ഉണരാന്‍ മരക്കാർ വേണം: ഒടിടിയില്‍ റിലീസ് ചെയ്യരുതെന്ന് ആവശ്യം; ഫിലിം ചേംബര്‍ ഇടപെടുന്നു

കൊച്ചി: മലയാള സിനിമ പ്രേമികൾ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. 100 കോടി രൂപ മുതൽമുടക്കിലാണ് മരക്കാർ നിർമിച്ചത്. ചിത്രം തിയേറ്ററിലേ സിനിമ റിലീസ് ചെയ്യുകയുള്ളൂവെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ സിനിമ ഒ ടി ടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ എത്തിയിരുന്നു.

ഇപ്പോഴിതാ ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ ഒ ടി ടിയില്‍ റിലീസ് ചെയ്യരുതെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം ചേംബര്‍ ഇടപെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഫിലിം ചേബംര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ നടന്‍ മോഹന്‍ലാലുമായും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച നടത്തും.

അതേസമയം കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ ആലസ്യത്തില്‍ നിന്നും ഉണരാന്‍ മരക്കാർ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. മരയ്ക്കാര്‍, ഒ ടി ടിയില്‍ റിലീസ് ചെയ്യാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിയേറ്ററുകൾ തുറന്നാലും അൻപത് ശതമാനം പേർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ ടി ടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചർച്ച നടത്തിയെന്നാണ് സൂചന. മുംബയിൽവച്ച് ആമസോൺ പ്രതിനിധികൾ സിനിമ കണ്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പ്രഭു, സുനിൽ ഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.

Related Articles

Latest Articles