ബെംഗളൂരു : ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്ന് 16,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ ആരംഭിച്ച പിരിച്ചു വിടൽ നടപടി ഇന്ത്യയിലെ ഐടി മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2026 പകുതിയോടെ ഏകദേശം 30,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള കമ്പനിയുടെ ബൃഹത്തായ പുനഃസംഘടന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതിൽ 14,000 പേരെ കഴിഞ്ഞ ഒക്ടോബറിൽ തന്നെ കമ്പനി ഒഴിവാക്കിയിരുന്നു.
ഇന്ത്യയിലെ ഏകദേശം 1.20 ലക്ഷം ജീവനക്കാരിൽ വലിയൊരു വിഭാഗത്തെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഓഫീസുകളിലാണ് പിരിച്ചുവിടൽ ഭീഷണി ശക്തമായിരിക്കുന്നത്. ആമസോൺ വെബ് സർവീസസ് (AWS), പ്രൈം വീഡിയോ, റീട്ടെയിൽ വിഭാഗം, ആമസോൺ പേ, അലക്സ വിഭാഗം തുടങ്ങിയ പ്രമുഖ ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളത്. മാനവവിഭവശേഷി വിഭാഗമായ പി.എക്സ്.ടി (PXT) യൂണിറ്റിലും വലിയ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടായേക്കാം.
കമ്പനിക്കുള്ളിലെ അനാവശ്യമായ ബ്യൂറോക്രസി ഒഴിവാക്കി പ്രവർത്തനം കൂടുതൽ സുഗമമാക്കാനാണ് ഈ നീക്കമെന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി നൽകുന്ന വിശദീകരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പല തൊലികളും ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ചെലവ് കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു. എന്നാൽ, ലാഭകരമായി പ്രവർത്തിക്കുമ്പോഴും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ആമസോണിന്റെ നടപടിയെ ഐടി ജീവനക്കാരുടെ സംഘടനയായ ‘യുനൈറ്റ്’ (UNITE) ശക്തമായി അപലപിച്ചു. ഇത് നിയമവിരുദ്ധമാണെന്നും ജീവനക്കാരുടെ ഉപജീവനത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 28 മുതൽ ബാധിക്കപ്പെട്ട ജീവനക്കാർക്ക് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് സൂചന.

