ഇടുക്കി: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇടുക്കി പൂപ്പാറയിലെ പന്നിയാർ പുഴയോരത്തെ അനധികൃത കയ്യേറ്റങ്ങൾ റവന്യൂ വകുപ്പ് പൊളിച്ചുനീക്കുന്നു. 29 കുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ വൻ പോലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചു. ഒഴിപ്പിക്കലിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുൻകരുതൽ നടപടിയായി ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരുടെ സുരക്ഷയിലാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. വീടുകൾക്ക് പുറമെ പ്രദേശത്തെ പള്ളിയും ക്ഷേത്രവും ഉൾപ്പെടെയുള്ളവ റവന്യൂ സംഘം പൊളിച്ചുനീക്കി. വിശ്വാസികൾ വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചത്. കോടതി നിർദ്ദേശപ്രകാരം പലതവണ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്ന നടപടികൾ ഇപ്പോഴും തുടരുകയാണ്.
അറുപത് വർഷത്തിലേറെയായി താമസിക്കുന്ന തങ്ങളെ പുനരധിവാസം ഉറപ്പാക്കാതെ ഇറക്കിവിടുന്നത് മനുഷ്യവിരുദ്ധമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. “ഇത് കയ്യേറ്റമല്ല, കിടപ്പാടമില്ലാത്ത കാലത്തെ കുടിയേറ്റമാണ്. വീട് പണിതപ്പോൾ ഇടിച്ചുനിരത്തുന്നത് ക്രൂരതയാണ്,” എന്ന് കണ്ണീരോടെ പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയിട്ടും വീട് ലഭിച്ചില്ലെന്നും, പകരം സംവിധാനം ഒരുക്കാതെയുള്ള നടപടി തങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പുനരധിവാസം അത്യാവശ്യമുള്ള 12 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 2023-ലെ ഹൈക്കോടതി ഉത്തരവിനുശേഷം കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. വീടുകൾ നഷ്ടപ്പെട്ടതോടെ കൈക്കുഞ്ഞുങ്ങളുമായി എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.

