Friday, May 17, 2024
spot_img

എല്ലാം അവസാനിച്ചെന്ന് കരുതിയപ്പോൾ സ്‌കഡ്ഡ് മിസൈൽ പോലെ മാത്യു കുഴൽനാടൻ; സഭയിൽ ഇരട്ടച്ചങ്കൻ ഇന്ന് പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞു; കാര്യങ്ങൾ കൈവിട്ടു പോകാതെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കറുടെ സുരക്ഷാ കവചം! പിണറായി വിറച്ചു തുടങ്ങിയോ ?

തിരുവനന്തപുരം: എന്നെ പഴയ വിജയനാക്കരുത് എന്ന ഭീഷണിയുടെ സ്വരമായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്. പഴയ വിജയനെയും പുതിയ വിജയനെയും തങ്ങൾക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ്. സത്യത്തിൽ സഭയിലെ പിണറായിയുടെ തള്ളിനു കാര്യത്തിലേക്ക് വരാൻ ആവശ്യപ്പെടാതെ വി ഡി സതീശനും തള്ളിമറിക്കുകയായിരുന്നു. ഇങ്ങനെ തള്ളും മറുതള്ളുമായി ഈ സഭാ സമ്മേളനവും ഒടുങ്ങുമോ എന്ന് ആശങ്കപ്പെടുമ്പോഴാണ് മാത്യു കുഴൽനാടന്റെ എൻട്രി. മുഖ്യമന്ത്രിയും കോൺസൽ ജനറലും സ്വപ്‌നാ സുരേഷും ശിവശങ്കറും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ ഒന്നൊന്നായി സഭയിൽ നിരത്തി. ഭയന്ന് വിറച്ച മുഖ്യൻ എല്ലാം പച്ചക്കള്ളമെന്ന് പൊട്ടിത്തെറിച്ചു. മാത്യു ഉദ്ധരിച്ചത് ഇ ഡി യുടെ റിമാൻഡ് റിപ്പോർട്ട് ആയിരുന്നു. ഈ റിപ്പോർട്ട് തെറ്റാണെങ്കിൽ പച്ചക്കള്ളമാണെങ്കിൽ കോടതിയിൽ പൊയ്ക്കൂടേ എന്നും വേണമെങ്കിൽ താൻ വക്കാലത്ത് ഏറ്റെടുക്കാമെന്നും കുഴൽനാടൻ. ഇപ്പോൾ താങ്കളുടെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണങ്ങി. പതിവ് തള്ളലുകൾ ഫലിക്കാതെ തളർന്നിരുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാൻ കൂടോടെയെത്തിയ മന്ത്രിമാർക്കും മാത്യുവിന്റെ വാഗ്‌ശരങ്ങളെ പ്രതിരോധിക്കാനായില്ല. ഒടുവിൽ മാത്യുവിനെ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു.

ഒരു ഘട്ടത്തിലും കോൺസൽ ജനറലുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷെ അത്തരം ചർച്ചകൾ നടത്തിയെന്ന് സഭാ ചോദ്യങ്ങൾക്കുത്തരമായി മുമ്പ് പറഞ്ഞിട്ടുണ്ട്. 2022 ഓഗസ്റ്റ് 23 ന് സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് ഉത്തരമായി ഔദ്യോഗിക സ്വഭാവമുള്ള ചർച്ചകൾ നടന്നിട്ടുണ്ടെന്നും അതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും സഭയിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യംകൂടി മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. അതേസമയം ലൈഫ് മിഷൻ കേസിൽ അന്വേഷണ ഏജൻസിയായ ഇ.ഡി യുടെ മുന്നിൽ സർക്കാർ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നോട്ടീസ് ലഭിച്ചിട്ടും ഇതുവരെ ഹാജരായിട്ടില്ല. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുകൾ ചൂണ്ടിക്കാണിച്ചാണ് രവീന്ദ്രൻ ഇ ഡി ക്കുമുന്നിൽ ഹാജരാകാതെ ഒളിച്ചുകളിക്കുന്നത്. രവീന്ദ്രനെ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി സഭയിൽ ഒളിപ്പിക്കുന്നതെന്തിന് എന്ന ചോദ്യം പക്ഷെ പ്രതിപക്ഷത്തു നിന്ന് ഇനിയും വരേണ്ടിയിരിക്കുന്നു.

Related Articles

Latest Articles