Tuesday, April 30, 2024
spot_img

ശസ്ത്രക്രിയ നടത്താം പക്ഷെ കൈക്കൂലി വേണം !ശസ്ത്രക്രിയക്കായി യുവതിയിൽനിന്ന് 3000 രൂപ വാങ്ങിയ തൃശ്ശൂര്‍ മെഡി. കോളേജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ

തൃശ്ശൂര്‍: കൈയുടെ എല്ലില്‍ പൊട്ടലുണ്ടായതിനെത്തുടർന്ന് നടത്തേണ്ട ശസ്ത്രക്രിയ നടത്താൻ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിജിലൻസ് പിടിയിലായി. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക്കാണ് അറസ്റ്റിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് ഇയാൾ പണം വാങ്ങിയത്.

അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ യുവതിക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപ്പോര്‍ട്ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും ഓരോ കാരണങ്ങൾ കാട്ടിയും ദിവസങ്ങളോളം ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി. പിന്നീട് പണം നൽകാതെ ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിൽ കാര്യങ്ങൾ എത്തി.

തുടർന്ന് ഇക്കാര്യം യുവതി ഒരു പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാള്‍ ഇക്കാര്യം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെയും അറിയിച്ചു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥർ കുതിച്ചെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles

Latest Articles