Wednesday, September 30, 2026

നരേന്ദ്രമോദിക്ക് മെസിയുടെ പിറന്നാൾ സമ്മാനം !ലോകകപ്പുയർത്തിയ ജേഴ്‌സി ഒപ്പിട്ട് അയച്ചു; സൂപ്പർ താരത്തിന്റെ ഇന്ത്യാ സന്ദർശനം ഡിസംബറിൽ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിന് സമ്മാനമായി അർജന്റീനയുടെ ലോകകപ്പ് ജേഴ്സി ഒപ്പിട്ട് അയച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. സെപ്റ്റംബർ 17-നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം. മെസിയുടെ ഈ സ്നേഹസമ്മാനം കായികലോകത്തും രാഷ്ട്രീയ മേഖലയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ വർഷം ഡിസംബറിൽ മെസി ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസിയുടെ ഇന്ത്യൻ പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 13-ന് കൊൽക്കത്തയിലെത്തുന്ന താരം അടുത്ത ദിവസം മുംബൈയിലേക്ക് പോകും. ദില്ലിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും സൂചനയുണ്ട്.

ദില്ലിയിലും മുംബൈയിലും വന്ന് ആരാധകരെ നേരിൽ കാണുന്നതിൽ മെസി അതീവ സന്തോഷവാനാണെന്ന് മെസിയുടെ ഇന്ത്യാ ടൂറിന്റെ പ്രൊമോട്ടറും കായിക സംരംഭകനുമായ സതാദ്രു ദത്ത പറഞ്ഞു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ മെസി പങ്കെടുക്കും.

ഈ സന്ദർശനം ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പം പുലർത്താറുണ്ടെങ്കിലും, ഫുട്ബോൾ ലോകത്തെ ഒരു സൂപ്പർതാരം പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത് അപൂർവ്വ സംഭവമാണ്. ഈ കൂടിക്കാഴ്ച ഇന്ത്യ-അർജന്റീന ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles