Thursday, May 16, 2024
spot_img

രാഷ്ട്രീയ കളികളുടെ ചൂടറിഞ്ഞ 11ആം ലോക്സഭ | സി. പി. കുട്ടനാടൻ | മിലൻ കാ ഇതിഹാസ്, പരമ്പര – 29

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ നമസ്കാരം,

1996 ഏപ്രിൽ 27, മെയ് 2, മെയ് 7 എന്നീ തീയതികളിൽ നടത്തപ്പെട്ട നമ്മുടെ 11 ആം ലോക്സഭാ തിരഞ്ഞെടുപ്പ് വരെയാണ് കഴിഞ്ഞ ലക്കത്തിൽ നമ്മൾ സഞ്ചരിച്ചത്. അതിൻ്റെ തുടർ ഭാഗങ്ങളിലേയ്ക്ക് നമുക്ക് പോകാം.

ആവേശോജ്വലമായ തിരഞ്ഞടുപ്പ് പ്രചാരണം ഇന്ത്യ കണ്ടു. ജനാധിപത്യത്തിൻ്റെ ഉത്സവക്കാഴ്ച ഭാരതത്തിൻ്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ തിരതല്ലി. ഈ തെരഞ്ഞെടുപ്പിലാണ് ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ള കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള മുന്നണി, ബിജെപി നേതൃത്വത്തിലുള്ള മുന്നണി എന്നുള്ള തലത്തിലേയ്ക്ക് ഇന്ത്യൻ രാഷ്ട്രീയം പരിവർത്തനപ്പെട്ടത്. നിരവധി പ്രാദേശിക രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുവാൻ പലരും ശ്രമിച്ചു. ഇതിനിടയിൽ മൂന്നാം മുന്നണി എന്നൊരു സാധനവും പൊങ്ങിവന്നു.

കടുത്ത മത്സരത്തിനൊടുവിൽ തിരഞ്ഞെടുപ്പ് ഫലമെത്തി. ആദ്യമായി സംഘപരിവാർ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 വർഷങ്ങൾക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ വെറും 2 സീറ്റിൽ ഒതുങ്ങിയ പാർട്ടി ഇപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിയ്ക്കുന്നു. ഇത് വളരെ വലിയൊരു രാഷ്ട്രീയ മാറ്റമായിരുന്നു. 20.29% വോട്ടു നേടിയ ബിജെപിയ്ക്ക് 161 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് 140 സീറ്റുകൾ ലഭിച്ചു. ജനതാ ദളിന് 46 സീറ്റുകൾ ലഭിച്ചു. 6.12% വോട്ടുകളുടെ അകമ്പടിയോടെ സിപിഎമ്മിന് 32 സീറ്റുകൾ കിട്ടി. കൂടാതെ മറ്റു പല പ്രാദേശിക കക്ഷികൾക്കും സീറ്റുകളുണ്ടായിരുന്നു. ചമ്പൽ കൊള്ളക്കാരുടെ റാണി ഫൂലൻ ദേവി സമാജ്‌വാദി പാർട്ടിയുടെ ടിക്കറ്റിൽ വിജയിച്ച് ലോക്സഭയിലെത്തിയത് ഈ തിരഞ്ഞെടുപ്പിലായിരുന്നു.

milan-ka-ithihas-episode29-cp-kuttanadan
milan-ka-ithihas-episode29-cp-kuttanadan

എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിയ്ക്കാതിരുന്നതിനാൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായി. ഒടുവിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിച്ചു. അങ്ങനെ അങ്ങനെ 1996 മെയ് 17ന് അടൽ ബിഹാരി വാജ്‌പേയ് ഇന്ത്യയുടെ 10ആം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായി ഒരു ആർഎസ്എസ് പ്രവർത്തകൻ പ്രധാനമന്ത്രി പദവിയിലെത്തി. വമ്പിച്ച രാഷ്ട്രീയ കളികൾക്കാണ് ഇനിയുള്ള ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. ബിജെപി സർക്കാരിന് ഭൂരിപക്ഷം ലഭിയ്ക്കാതിരിയ്ക്കുവാനായി കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ അണിയറക്കളികൾ നടന്നു. പല പാർട്ടികളോടും ബിജെപി പിന്തുണ ആവശ്യപ്പെട്ടു. പലരും നൽകാമെന്ന് അറിയിച്ചു.

ഒടുവിൽ മെയ് 31ന് ആദ്യ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി അഭിമുഖീകരിച്ചു. എന്നാൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പായി ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) മായാവതി ചതിച്ചു. കോൺഗ്രസ്സിൻ്റെ സമ്മർദ്ദത്തിൽ വാജ്‌പേയ് സർക്കാരിന് പ്രഖ്യാപിച്ച പിന്തുണ അവർ പിൻവലിച്ചു. ഇതോടെ വോട്ടെടുപ്പിനെ നേരിടാതെ ബിജെപി സർക്കാർ രാജിവച്ചു. അവസാന പ്രസംഗത്തിൽ വാജ്‌പേയ്ജിയുടെ വാക്കുകൾ ഇടിമുഴക്കത്തോടെ കോൺഗ്രസിൻ്റെ നെഞ്ചിൽ പതിച്ചു. ഇന്നും സോഷ്യൽ മീഡിയയിൽ ആ പ്രസംഗം വൈറലായി പ്രചരിപ്പിയ്ക്കപ്പെടുന്നതാണ്. കോൺഗ്രസ്സിനോടായി അദ്ദേഹം പറഞ്ഞു., ‘നിങ്ങൾക്ക് അധികാരം മാത്രം ആഗ്രഹിയ്ക്കുന്നു. എന്നാൽ ഞങ്ങൾ ഈ രാഷ്ട്രത്തിനായി പ്രവർത്തിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു. ഇത് ഞങ്ങളുടെ ഉറപ്പാണ്, ഞങ്ങൾ ഒരിയ്ക്കലും ഈ പരിശ്രമത്തിൽ നിന്നും പിന്മാറില്ല.’ അങ്ങനെ 13 ദിവസങ്ങൾ നീണ്ട ബിജെപി സർക്കാരിന് വിരാമം.

തുടർന്ന് അടുത്ത സർക്കാർ രൂപീകരണത്തിനുള്ള ചരടുവലികൾ തകൃതിയായി. സിപിഎമ്മിൻ്റെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം നൽകിക്കൊണ്ട് ഒരു രാഷ്ട്രീയ കളി നടത്തുവാൻ കോൺഗ്രസ്സ് ഒരുമ്പെട്ടു. പക്ഷെ അതിന് സിപിഎം വഴങ്ങിയില്ല. അവർ ഈ ഓഫർ നിരാകരിച്ചു. (ഈ ഓഫർ നിരാകരിച്ചതിനെ ചരിത്രപരമായ മണ്ടത്തരമെന്ന് അവർ പിന്നീട് വിലയിരുത്തി) ഒടുവിൽ കോൺഗ്രസ്സ് എത്തിച്ചേർന്നത് കർണാടക മുഖ്യമന്ത്രിയിലേയ്ക്കായിരുന്നു. അങ്ങനെ പിറ്റേ ദിവസം 1996 ജൂൺ 1ന് പുറമെ നിന്നുള്ള കോൺഗ്രസ്സ് പിന്തുണയോടെയും 13 പാർട്ടികളെയും ചേർത്തുള്ള ദേശീയ മുന്നണിയുമായി ഇന്ത്യയുടെ 11ആം പ്രധാനമന്ത്രി ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡയുടെ ജനതാദൾ സർക്കാർ അധികാരത്തിലേറി. കർണാടക മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് അദ്ദേഹം രാജ്യസഭയുടെ എംപി ആയി മാറി. കർഷക നേതാവ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ദേവഗൗഡ അങ്ങനെ ഭരണം ആരംഭിച്ചു. ജൂൺ 28ന് കമ്യുണിസ്റ്റ് പാർട്ടി ഈ സർക്കാരിൽ ചേർന്നു. സ്വാതന്ത്ര്യാനന്തരം ആദ്യമായി കമ്യുണിസ്റ്റ് പാർട്ടി ഇന്ത്യയുടെ അധികാരം രുചിച്ചു.

milan-ka-ithihas-episode29-cp-kuttanadan
milan-ka-ithihas-episode29-cp-kuttanadan

ബിജെപിയ്ക്ക് ഒരു വലിയ പരീക്ഷണം നേരിടേണ്ടി വന്നു. അതായിരുന്നു ജെയ്ൻ ഹവാലാകേസ്. അതെ എന്താണെന്ന് നമുക്കൊന്ന് പരിശോധിയ്ക്കാം. ബിജെപിയുടെ ഏതെങ്കിലും ഒരു നേതാവിനെതിരെയുള്ള ആദ്യത്തെ അഴിമതിയാരോപണമായിരുന്നു അത്. അതിപ്രകാരമായിരുന്നു.,1991 മാർച്ച് 25ന് മുസ്ലിം ഭീകരവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ അഷ്ഫാക് ഹുസൈൻ ലോൻ ഡൽഹിയിൽ അറസ്റ്റിലായി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഹവാല പണമിടപാടുകാരായ എസ്.കെ. ജെയിൻ, ബി.ആർ. ജെയിൻ, എൻ.കെ. ജെയിൻ എന്നീ സഹോദരന്മാർ വഴി തങ്ങളുടെ സംഘടനയ്ക്ക് പണം ലഭിയ്ക്കുന്നുണ്ടെന്നും അതിനായാണ് ദൽഹിയിലെത്തിയതെന്നും അയാൾ മൊഴി നൽകി. ഈ വിവരത്തെ തുടർന്ന് ജെയ്ൻ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ബിസിനസ്സുകളുടെയും സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടന്നു. റെയ്ഡിൽ നിരവധി രേഖകൾ കണ്ടെടുത്തു. ഇന്ത്യൻ കറൻസികളും വിദേശ കറൻസികളും രണ്ട് ഡയറികളും രണ്ട് നോട്ട് ബുക്കുകളും സിബിഐ പിടിച്ചെടുത്തു. ഈ ഡയറികളിൽ പല പ്രമുഖർക്കും ഫണ്ടുകൾ നൽകിയതിൻ്റെ വിവരങ്ങൾ ഇനിഷ്യലുകളുടെ അടിസ്ഥാനത്തിൽ കുറിച്ചിരുന്നു. ഈ കേസിൻ്റെ അന്വേഷണം ഇഴഞ്ഞു നീങ്ങി

ജെയ്ൻ ഡയറികൾ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരു പൊതു താത്പര്യ ഹർജി 1993 ഒക്ടോബർ 4ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. നിരവധി കോൺഗ്രസ്സ്, ബിജെപി, ജനതാദൾ, എസ്‌ജെപി നേതാക്കളുടെ പേരുകൾ ജെയിൻ ഡയറിയിൽ വിധത്തിൽ കുറിയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് കോടതിയിൽ തെളിവുകൾ നിരത്തിയതോടെ നരസിംഹറാവു സർക്കാർ കുറ്റപത്രം സമർപ്പിച്ചു. വി.സി. ശുക്ല, ദേവി ലാൽ, ശരദ് യാദവ്, ബൽറാം ജാഖർ, എൽ. കെ, എം. എൽ. കെ എന്നിങ്ങനെ നീളുന്നു പേരുകൾ.

ജെയ്ൻ ഡയറിയിലെ എൽ. കെ എന്നത് ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ പേര് ആണെന്നും എം. എൽ. കെ എന്നത് മദൻലാൽ ഖുറാനയുടെ പേരാണെന്നുമൊക്കെ കുറ്റപത്രത്തിലുണ്ടെന്ന് 1996 ജൂലായ് ആദ്യവാരം പത്രക്കാർ അടിച്ചു വിട്ടപ്പോൾ ബിജെപി പ്രതികരിച്ചു. ജെയ്ൻ സഹോദരന്മാരുമായി ബന്ധമില്ലെന്നും പാർട്ടിയ്ക്കായി ആര് പ്രവർത്തന ഫണ്ട് നൽകിയിട്ടുണ്ടെങ്കിലും വാങ്ങിയിരിയ്ക്കാമെന്നും അതിനർത്ഥം ജെയ്ൻ സഹോദരന്മാരുമായി ഏതെങ്കിലും ബന്ധമുണ്ടെന്നല്ല എന്നും വാജ്‌പേയ് പ്രസ്താവിച്ചു. തൻ്റെ മേൽ ആരോപിയ്ക്കപ്പെട്ട കളങ്കം മാറിയ ശേഷം മാത്രമേ ഇനി രാഷ്ട്രീയത്തിൽ തുടരുകയുള്ളൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ ധാർമികത പുലർത്തി എൽകെ അഡ്വാനി ഗാന്ധിനഗർ മണ്ഡലത്തിലെ ബിജെപി എംപി സ്ഥാനം രാജിവച്ചു. തുടർന്ന് നവംബർ മാസത്തിൽ അവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപി സ്ഥാനാർത്ഥിയായിരുന്ന വിജയ് ഹരിശ്ചന്ദ്ര പട്ടേൽ വിജയിയ്ക്കുകയും ചെയ്തു.

milan-ka-ithihas-episode29-cp-kuttanadan
milan-ka-ithihas-episode29-cp-kuttanadan

ഇതിനിടയിൽ മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനെതിരെ തട്ടിപ്പ് കേസിലും, വ്യാജരേഖ ചമയ്ക്കൽ കേസിലും കോടതി നടപടികൾ ആരംഭിയ്ക്കുകയും അതെ തുടർന്ന് നരസിംഹറാവു പാർട്ടി പ്രസിഡണ്ട് സ്ഥാനം രാജിവച്ചൊഴിഞ്ഞു. അങ്ങനെ 1996 സെപ്റ്റംബർ 23ന് എ. ഐ. സി. സി. പ്രസിഡണ്ടായി സീതാറാം കേസരി നിയമിതനായി. ഒക്ടോബർ 10ന് മുൻ പ്രധാനമന്ത്രി നരസിംഹറാവു അറസ്റ്റിലായി. ഇതൊരു വലിയ വാർത്തയായി. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടുന്ന മുൻ പ്രധാനമന്ത്രി എന്ന നിലയിലെത്തി അദ്ദേഹം.

ലോക സംഗീത മന്ത്രികനായിരുന്ന മൈക്കിൾ ജാക്സൺ തൻ്റെ ‘ഹിസ്റ്ററി വേൾഡ് ടൂർ’ നടത്തുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 30ന് മുബൈയിൽ എത്തിയിരുന്നു. പത്രങ്ങളായ പത്രങ്ങളെല്ലാം മൈക്കിൾ ജാക്സൻ്റെ കഥകളെഴുതി അതെല്ലാം പൊതുജന സംസാരത്തിലേയ്ക്ക് വന്നു.

milan-ka-ithihas-episode29-cp-kuttanadan
milan-ka-ithihas-episode29-cp-kuttanadan

1996 നവംബർ 12ന് സൗദി എയർലൈൻസിൻ്റെ ബോയിങ് 747-100 ബി വിമാനവും കസാഖിസ്ഥാൻ്റെ ഇല്യൂഷിന്‍ ഐഎല്‍-76ഉം ഹരിയാനയിലെ ചാർക്കി ദാദ്രി ഗ്രാമത്തിന് മുകളിൽ കൂട്ടിയിടിച്ചു. കാബിൻ ഞെരിഞ്ഞമർന്നു. യാത്രക്കാർ ഓക്സിജൻ കിട്ടാതെ വലഞ്ഞു. ഇടിയുടെ ആഘാതത്തിൽ പലരുടെയും ഹൃദയം പൊട്ടിത്തകർന്നു. എന്താണു സംഭവിച്ചതെന്ന് പൈലറ്റുമാർ ഒഴികെ ആരുമറിഞ്ഞില്ല. വേദനയെപ്പറ്റി തലച്ചോറിലേക്ക് സന്ദേശം എത്തും മുമ്പേ 13 മലയാളികളുൾപ്പെടെ 231 ഇന്ത്യക്കാരും ചേർന്ന 351 മനുഷ്യർ വെന്തു തീർന്നു.

ദൽഹി എയർപോർട്ടിൽ നിന്നും ഇംഗ്ലിഷില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കസാഖ് വിമാനത്തിലെ പൈലറ്റിനു മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് അപകടമുണ്ടാക്കിയത്. സമുദ്രനിരപ്പിൽ നിന്നു 14,500 അടി ഉയരത്തിലായിരുന്നു അപകടം. മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിലായിരുന്നു വിമാനങ്ങൾ. അതിശക്തമായ ഒരു കാർ കൂട്ടിയിടിയുടെ 700 മടങ്ങ് ശക്തിയിലായിരുന്നു ഇടിയെന്നു പിന്നീടു റിപ്പോർട്ടുകൾ വന്നു. 500 ടണ്ണിലധികം അവശിഷ്ടങ്ങളാണ് താഴേക്കു പതിച്ചത്. 600 മാരുതി കാറുകളുടെ അവശിഷ്ടങ്ങൾക്കു തുല്യം. ഇത് അടുത്ത വലിയ വാർത്തയായി മാറി. വിമാന ദുരന്തം തീർന്ന ഉടനെ ഡിസംബർ 30ന് ആസാമിലെ പാസഞ്ചർ ട്രെയിനിൽ ബോർഡോ തീവ്രവാദികൾ ബോംബ് വച്ച് 26 മനുഷ്യരെ കൊന്ന വാർത്തയും ഇന്ത്യ കേട്ടു.

എല്ലാ കാലത്തും നടക്കുന്ന ഭരണ, വികസന പ്രവർത്തങ്ങൾ എന്നതിൽ കവിഞ്ഞ്, ഗൗഡയുടെ കാലയളവിനെ കൂടുതലായും ഗൂഢാലോചന, രാഷ്ട്രീയ ചതി, തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് ഓർമിക്കപെടുന്നത്. അദ്ദേഹം പ്രധാന മന്ത്രിയായി ചുമതല ഏറ്റെടുത്തയുടനെ അന്നത്തെ ജനത പാർട്ടിയുടെ പ്രസിഡണ്ടായിരുന്ന ലാലു പ്രസാദ് യാദവിൻ്റെ സഹായത്തോടെ ഇരുവരും കൂടെ പാർട്ടിയുടെ തന്നെ സ്ഥാപക നേതാക്കളിൽ ഒരാളായ രാമകൃഷ്ണ ഹെഗ്‌ഡേയെ പുറത്താക്കിയത് വളരെ വാർത്താ പ്രാധാന്യം നേടി. ഒരു പ്രധാന കാര്യം മറക്കാൻ പറ്റില്ല, ദൽഹി മെട്രോയുടെ നിർമാണ അനുമതി നൽകിയത് ഗൗഡയായിരുന്നു.

1997 മാർച്ച് 19ന് കോൺഗ്രസുമായുള്ള സഖ്യം ബിഎസ്പി ഉപേക്ഷിച്ചു. ബിജെപിയുമായി സഖ്യം ചേർന്ന് മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. ഇത് ദേശീയ രാഷ്ട്രീയത്തിലും അലയടിച്ചു. അതോടൊപ്പം ഗൗഡയുടെ വിശ്വസ്തനും കേന്ദ്ര മന്ത്രിയുമായിരുന്ന സി എം ഇബ്രാഹിം, കോൺഗ്രസ് പ്രസിഡൻ്റ് സീതാറാം കേസരിയുമായി കൊമ്പ്കോർത്തതിനെ തുടർന്ന് ഗൗഡ സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചു. ദേവഗൗഡയ്ക്കുള്ള പിന്തുണ 1997 മാർച്ച് 30ന് കോൺഗ്രസ്സ് പിൻവലിച്ചു. അവിശ്വാസ പ്രമേയത്തിലൂടെ ഗൗഡ പുറത്തായി. തുടർന്ന് രാഷ്ട്രീയ കളികൾ വീണ്ടും സജീവമായി.

അങ്ങനെ ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി, ഒടുവിൽ ജനതാപാർട്ടിയിലെ നേതാവായ ശ്രീ. ഇന്ദർകുമാർ ഗുജ്റാളിനെ പ്രധാനമന്ത്രിയാക്കി പ്രശ്‌ന പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായി. അങ്ങനെ ഗൗഡ ഭരണം അവസാനിപ്പിച്ചുകൊണ്ട് 1997 ഏപ്രിൽ 21ന് ഐ. കെ. ഗുജ്റാൾ ഇന്ത്യയുടെ 12ആം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷെ ഗുജ്റാൾ എത്തിയതുകൊണ്ടു മാത്രം തീരുന്നതായിരുന്നില്ല ജനതാദളിലെ പ്രശ്‍നങ്ങൾ. അത് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അന്നത്തെ വലിയ വാർത്തയായി മാറിയ കാലിത്തീറ്റ കുംഭകോണക്കേസ് പൊങ്ങിവന്നത് 1997 ജൂൺ മാസത്തിലായിരുന്നു. ഒരു വർഷം മുമ്പ് ബീഹാറിൽ നടന്ന അഴിമതിയാണ് ഇത്. അങ്ങനെ ഈ കേസിൽ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ പ്രസിഡണ്ടുമായ ലാലുപ്രസാദ് യാദവ് കുറ്റം ചെയ്തു എന്ന് സകലർക്കും ബോദ്ധ്യമായതോടെ ജൂലായ് 3ന് അദ്ദേഹത്തെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിവാക്കിക്കൊണ്ട് ജനതാദൾ പാർട്ടി മുമ്പോട്ടു പോയി, തുടർന്ന് ലാലു തൻ്റെ സ്വന്തം പാർട്ടിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) രൂപീകരിച്ചു.

ഈ പ്രശ്‍നങ്ങളൊക്കെ നടക്കുമ്പോൾ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. മലയാളിയായ കെ ആർ നാരായണൻ ഇന്ത്യയുടെ 10ആമത്തെ പ്രസിഡണ്ടായി 1997 ജൂലൈ 14ന് തിരഞ്ഞെടുക്കപ്പെട്ടു. ഇത് വലിയ വാർത്തയായി. ഇതിനിടയിൽ നിൽക്കള്ളിയില്ലാതായി മാറിയ ലാലു പ്രസാദ് യാദവ് ജൂലായ് 25ന് ബീഹാർ മുഖ്യമന്ത്രി പദവി തൻ്റെ ഭാര്യ റാബ്രിദേവിയെ ഏൽപ്പിച്ച് പടിയിറങ്ങി. ഈ കാലയളവിലാണ് സെപ്റ്റംബർ 5ന് മദർ തെരേസ അന്തരിയ്ക്കുന്നതും. അതിൻ്റെ വാർത്തകൾക്ക് പിന്നാലെ മാദ്ധ്യമപ്പട നീങ്ങുന്നതും. ഇതോടൊപ്പം തന്നെ ബാബറിമസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ഹിന്ദു ആചാര്യന്മാരെയും ബിജെപി ആർഎസ്എസ് നേതാക്കളെയും പ്രതിചേർത്തുകൊണ്ട് സെപ്റ്റംബർ 9ന് ഭരണകൂടം കേസ് ചാർജ് ചെയ്‌തു.

milan-ka-ithihas-episode29-cp-kuttanadan
milan-ka-ithihas-episode29-cp-kuttanadan

ഇങ്ങനെയുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മാത്രം നിറഞ്ഞ 11ആം ലോക്സഭയിലാണ് ബിജെപി നേതാവ് പ്രമോദ് മഹാജൻ തൻ്റെ എക്കാലത്തെയും ഹിറ്റ് പ്രസംഗം നടത്തിയത്. സെപ്റ്റംബർ മാസത്തിലെ പാർലമെൻ്റ് സമ്മേളനത്തി പ്രമോദ് മഹാജൻ നടത്തിയ പ്രസംഗം അത്യന്തം രസകരമായിരുന്നു. തമാശ നിറഞ്ഞ ഒരു കഥ തൻ്റെ പ്രസംഗത്തിൽ അദ്ദേഹം ഉൾപ്പെടുത്തി. അതിങ്ങനെയായിരുന്നു., “ഞങ്ങൾ കുറച്ചു പാർലമെൻ്റ് അംഗങ്ങൾ ചൈനാ സന്ദർശനത്തിന് പോയിരുന്നു അവിടെയുള്ള ഒരു ചൈനീസ് എംപി ഞങ്ങളോട് ഇന്ത്യയിലെ ജനാധിപത്യം എങ്ങനെയുണ്ടെന്ന് ചോദിച്ചു. അങ്ങനെ ഞാൻ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിയ്കാൻ ആരംഭിച്ചു. ഞാൻ പ്രമോദ് മഹാജൻ, ലോക്‌സഭായിലെ ഏറ്റവും വലിയ ഒറ്റകക്ഷിയിലെ അംഗമാണ് ഞാൻ, ഞാൻ പ്രതിപക്ഷത്താണ് (ചൈനീസ് എം. പി അമ്പരന്നു). എന്നിട്ട് ചിന്താമൺ പാണിഗ്രഹിയുടെ (കോൺഗ്രസ്സ്) നേരെ കൈ ചൂണ്ടി പറഞ്ഞു ഇദ്ദേഹം രണ്ടാമത്തെ വലിയ പാർട്ടിയുടെ അംഗമാണ് അദ്ദേഹം സർക്കാരിന് പുറത്താണ്, പക്ഷെ സർക്കാരിനെ പിന്തുണയ്ക്കുന്നു. എന്നിട്ട് ഇടതുപക്ഷത്തെ ഒരു അംഗത്തെ ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു ഇദ്ദേഹം അടുത്ത വലിയ പാർട്ടിയിലാണ്, പക്ഷെ മുന്നണിക്കുള്ളിലാണ് എന്നാൽ സർക്കാരിന് പുറത്താണ്. തുടർന്ന് രമാകാന്ത് ഖലാപ്പിനെ (മഹാരാഷ്ട്ര ഗോമന്തക് പാർട്ടി) ചൂണ്ടിക്കാട്ടി പറഞ്ഞു തൻ്റെ പാർട്ടിയിലെ ഒരേയൊരു അംഗവും അദ്ദേഹമാണ് ഇദ്ദേഹമാണ് സർക്കാർ.” സഭയിൽ കൂട്ടച്ചിരിമുഴക്കിയ ഈ പ്രസംഗത്തെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സൗന്ദര്യമായി പലരും വാഴ്ത്താറുണ്ടെങ്കിലും രാഷ്ട്രീയ അസ്ഥിരത രാഷ്ട്രത്തിൻ്റെ പ്രയാണത്തെ ബാധിയ്ക്കുമെന്നത് നിസംശയമാണ്.

ഇതേ സമയം യു. പി രാഷ്ട്രീയം പുകഞ്ഞു നീറി. ഒക്ടോബർ 21ന് യു. പി നിയമസഭയിൽ കയ്യങ്കാളിയുണ്ടായി. ഗുജ്റാൾ സർക്കാർ യുപിയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇത് വലിയ വിവാദമായി. ഇതേ കാലഘട്ടത്തിൽ ഡിഎംകെയും വേലുപ്പിള്ള പ്രഭാകരനുമായുള്ള ബന്ധം അന്വേഷണസംഘം കണ്ടെത്തുകയും അത് കോൺഗ്രസ്സുമായുള്ള വലിയ കലഹത്തിൽ അവസാനിയ്ക്കുകയും ചെയ്തു. ഐക്യ മുന്നണിയിൽ നിന്നും ഡിഎംകെയെ പുറത്താക്കണമെന്ന് നവംബർ 26ണ് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. പക്ഷെ ജനതാദൾ അത് നിരസിച്ചു. അതിനെത്തുടർന്ന് കോൺഗ്രസ്സ് പാർട്ടി ഗുജ്റാൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അതോടെ കാലാവധി പൂർത്തിയാകാത്ത 11ആം ലോക്സഭയ്ക്ക് വിരാമം. ഡിസംബർ 4ന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രപതി ഉത്തരവിട്ടു. അതോടെ അടുത്ത തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഈ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് കോൺഗ്രസ്സ് രാഷ്ട്രീയത്തിലേക്കുള്ള തൻ്റെ കടന്നുവരവ് പ്രഖ്യാപിച്ചുകൊണ്ട് 1997 ഡിസംബർ 29ന് രാജീവ് രത്ന ഫിറോസിൻ്റെ വിധവ ശ്രീമതി. സോണിയ രാജീവ് രംഗത്തെത്തി. അങ്ങനെ 12ആം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. തുടർന്നുള്ള മറ്റു വിശേഷങ്ങളുമായി അടുത്തയാഴ്ച്ച വീണ്ടും സന്ധിയ്ക്കാം.

തുടരും….

Related Articles

Latest Articles