തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയ്ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനും കോവിഡ് സ്ഥിരീകരിച്ചു (GR Anil Covid). ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നവരുൾപ്പെടെ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം വീണ്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം. കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോലീസ് പരിശോധന പുലർച്ചെ മുതൽ ആരംഭിച്ചു. പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ചു യാത്ര ചെയ്യാം. തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലുള്ളവർ, റെയിൽവേ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നവർ, രോഗികൾ, ചരക്കുവാഹനങ്ങൾ തുടങ്ങിയവക്ക് യാത്ര ചെയ്യാം.ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. അടിയന്തിര യാത്രക്കിറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ ആയി നടത്താം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകൾ വൈകിട്ട് 7 വരെ തുറക്കാൻ അനുമതിയുണ്ടെങ്കിലും പാഴ്സലുകലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.

