കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് എസ്. ഈശ്വരൻ ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതോടെ ന്യൂനപക്ഷ കമ്മിഷൻ നേരത്തെ പുറപ്പെടുവിച്ച ഒരു കുടിയിറക്കൽ ഉത്തരവ് കോടതി റദ്ദാക്കി.
ഭൂമി രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം എന്ന വ്യക്തി നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടൽ. ഈ പരാതിയിന്മേൽ കമ്മീഷൻ കുടിയൊഴിപ്പിക്കലിന് ഉത്തരവിടുകയായിരുന്നു. എന്നാൽ കമ്മീഷന്റെ ഈ നടപടി അതിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് കോടതി നിരീക്ഷിച്ചു.
ഭൂമി സംബന്ധമായ തർക്കങ്ങളിൽ ഇടപെടേണ്ടത് സിവിൽ കോടതികളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം കൈമാറുന്നില്ലെങ്കിൽ നിയമപരമായ പരിഹാരത്തിനായി സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് ശരിയായ നിയമനടപടികളെ മറികടക്കാനുള്ള ശ്രമമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ കമ്മിഷന്റെ യഥാർത്ഥ ചുമതലകളെക്കുറിച്ചും കോടതി വിധിയിൽ വ്യക്തത വരുത്തി. ചില നിശ്ചിത വിഷയങ്ങളിൽ സർക്കാരിന് ആവശ്യമായ ശുപാർശകൾ നൽകുക എന്നതിലേക്ക് കമ്മിഷന്റെ അധികാരം പരിമിതമാണ്. ഉത്തരവുകൾ പുറപ്പെടുവിച്ച് ആളുകളെ കുടിയൊഴിപ്പിക്കാൻ കമ്മീഷന് നിയമപരമായ അവകാശമില്ല. കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് ഈ പരിധി ലംഘിച്ചതാണെന്ന് വിലയിരുത്തിയ കോടതി, അത് അസാധുവാണെന്ന് പ്രഖ്യാപിച്ചു.

