ഉത്തർപ്രദേശിലെ മിർസാപൂരിൽ ജിം കേന്ദ്രീകരിച്ച് നടന്നുവന്ന വൻ ലവ് ജിഹാദ് -ബ്ലാക്ക്‌മെയിലിംഗ് റാക്കറ്റിന്റെ മുഖ്യസൂത്രധാരനെ പോലീസ് പിടികൂടി. മുപ്പതോളം ഹിന്ദു യുവതികളെ വഞ്ചനയിലൂടെയും ഭീഷണിയിലൂടെയും മതപരിവർത്തനത്തിന് ഇരയാക്കിയ കേസിലെ പ്രധാനി ഇമ്രാൻ ഖാനാണ് പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസും 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്ന ഇയാളെ, കുടുംബത്തോടൊപ്പം ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. തുടർന്ന് മിർസാപൂർ പോലീസ് സ്ഥലത്തെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മിർസാപൂരിലെ അഞ്ച് ജിമ്മുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇരകളെ വലയിലാക്കിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ജിമ്മിലെത്തുന്ന യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും, പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഇവ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതിനൊപ്പം മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഇമ്രാൻ ഖാൻ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ നടന്ന തിരച്ചിലിനിടെ പ്രതികളിൽ ഒരാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കീഴടക്കിയത്. നിലവിൽ ഈ ജിമ്മുകളെല്ലാം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഘത്തിന് മറ്റ് നഗരങ്ങളിൽ ശാഖകളുണ്ടോ എന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്നും ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണ്. കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ ഭയമില്ലാതെ മുന്നോട്ട് വരണമെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും പോലീസ് അധികൃതർ അറിയിച്ചു.

