Saturday, May 4, 2024
spot_img

ഇന്ത്യയുടെ അഭിമാനം ഉയരെ- ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് അഭിമാനമുഹൂര്‍ത്തം- മിഷന്‍ മംഗള്‍ സ്വാതന്ത്ര്യദിനത്തില്‍ തിയേറ്ററുകളിലെത്തും

ഇന്ത്യ ചൊവ്വാഗ്രഹത്തിലേക്ക് നടത്തിയ മംഗൾയാൻ ബഹിരാകാശ ദൗത്യത്തെ ആസ്പദമാക്കി നിർമിക്കുന്ന മിഷൻ മoഗൾ എന്ന ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററുകളിലെത്തും.ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകൻ.ഐ എസ് ആർ ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ് കുമാർ വേഷമിടുന്നത് – ഒപ്പം ബോളിവുഡിലെ പ്രശസ്ത നടൻ ശർമൻ ജോഷിയും ഉണ്ട്.ഐ എസ് ആർ ഒയിലെ വനിതാ ശാസ്ത്രജ്ഞരായി വിദ്യാ ബാലൻ, തപ്സി പാന്നു, സോനാക്ഷി സിൻഹ, കീർത്തി കുൽ ഹാരി,നിത്യ മേനോൻ എന്നിവർ അഭിനയിക്കുന്നു.നിത്യാമേനോന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. വനിതാ ശാസ്ത്രജ്ഞർക്കുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന ചിത്രം.

2014 സെപ്തംബറിൽ നടന്ന ദൗത്യത്തിന് പിന്നിലെ ശാസ്ത്രജ്ഞരുടെ പരിശ്രമത്തെ കുറിച്ചും ദൗത്യത്തിന്റെ വിജയത്തെ കുറിച്ചുമാണ് ചിത്രം വിവരിക്കുന്നത്.. ദൗത്യത്തിനിടെ ഉണ്ടാകുന്ന പ്രതിസന്ധികളെ ശാസ്ത്രജ്ഞർ അതിജീവിക്കുന്നതും ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ അവർ നടന്നടുക്കുന്നതിന്റെയും ഭാഗങ്ങൾ സിനിമയില്‍ ഉണ്ട്. വന്ദേമാതരത്തിന്റെ അകമ്പടിയോടെയാണ് ട്രെയിലർ അവസാനിക്കുന്നത് – ജഗൻ ശക്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ അന്യഗ്രഹത്തിലേക്കുള്ള ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു മംഗൾയാൻ. ഈ ദൗത്യത്തിലൂടെ ചൊവ്വയിലെത്തുന്ന ആദ്യ ഏഷ്യൻ രാജ്യമായി മാറുകയായിരുന്നു ഇന്ത്യ. ആദ്യ ദൗത്യത്തിൽ തന്നെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കി.

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് വിജയകരമായി വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് മംഗൾയാൻ ദൗത്യത്തെ ആസ്പദമാക്കിയുള്ള സിനിമ ഇറങ്ങുന്നത്. ചന്ദ്രയാൻ കുതിച്ചുയർന്നപ്പോൾ അതിനൊപ്പം ഉയർന്നുപൊങ്ങിയ ഇന്ത്യക്കാരുടെ ആത്മാഭിമാനം മിഷൻ മംഗൾ സിനിമ ഇറങ്ങുന്നതോടെ ഒന്നുകൂടി ഉയരും . ഇക്കഴിഞ്ഞ ജൂലൈ 22 നാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്.


നേരത്തെ ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചതിലൂടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കിയിരുന്നു .ഭൂമിയില്‍ നിന്നും 200,000 കിലോമീറ്റര്‍ അകലെ ചന്ദ്രനില്‍ വിജയക്കൊടി പാറിക്കുന്ന രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തം. ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചതോടെ ചന്ദ്രന്റെ വിദൂര ഭാഗത്ത് ഇറങ്ങുന്ന ഏക രാജ്യമായി മാറി ഇന്ത്യ . ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ എണ്ണമറ്റ മണിക്കൂറുകള്‍ ചെലവഴിച്ചാണ് ചന്ദ്രയാന്‍- 2 മിഷന്‍ വിജയകരമാക്കിയത്.നാസയും ലോകരാജ്യങ്ങളും അടക്കം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നിരുന്നു.

ചന്ദ്ര ദക്ഷിണധ്രുവത്തെ കുറിച്ചു ഇന്ത്യന്‍ ഏജന്‍സിയുടെ പുതിയ കണ്ടെത്തലുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു നാസയുടെ പ്രതികരണം.‘ചന്ദ്രപഠനത്തിനായുള്ള ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തികരിച്ചതില്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചതിലൂടെ ഞങ്ങള്‍ക്കും വിക്ഷേപണത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പുതിയ കണ്ടെത്തലുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും’ നാസ ട്വിറ്ററില്‍ കുറിച്ചു.

ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനു തൊട്ടുപിന്നാലെ ‘ഇന്ത്യ ചന്ദ്രനിലേക്കുളള തന്റെ വിജയയാത്ര തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് അമേരിക്ക അടക്കമുളള രാജ്യങ്ങളിലെ പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.ചുരുങ്ങിയ ചിലവിലുള്ള ചന്ദ്രയാന്‍ 2 വിജയകരമായ വിക്ഷേപണം രാജ്യത്തിനു അഭിമാനമാണെന്ന് അമേരിക്കന്‍ പത്രങ്ങള്‍ കുറിച്ചു. വളരെ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു രണ്ടാം ശ്രമത്തില്‍ തന്നെ വിജയകരമായി വിക്ഷേപണം നടത്തിയതില്‍ ഐസ്ആര്‍ഒയുടെ സാങ്കേതിക മേഖല പ്രശംസ അര്‍ഹിക്കുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തി.

അധികമാരും പരീക്ഷിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് കുറിച്ചു. ചന്ദ്രനെ അടുത്തറിയാനുളള മികച്ച അവസരമാണ് ചന്ദ്രയാന്‍ 2ലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. ഒരു വന്‍ജനത തന്നെ ഇന്ത്യയുടെ നീക്കങ്ങളെ നോക്കികാണുകയാണ്.ചന്ദ്രയാന്‍ 2 ഇന്ത്യയുടെ ചരിത്രവിജയമാണ്.

ശാസ്ത്രലോകത്തേക്ക് ഇന്ത്യ മുന്‍നിരയില്‍ എത്തും. 2022ല്‍ ചന്ദ്രനിലെ മണ്ണില്‍ ഇന്ത്യ കാലുകുത്തുമെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. വിക്ഷേപണം നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ ഐഎസ്ആര്‍ഒയില്‍ വിജയത്തിന്റെ കരഘോഷം മുഴങ്ങിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.2017ല്‍ കുറഞ്ഞ ചിലവില്‍ 104 സാറ്റലൈറ്റ് വിക്ഷേപിച്ചു ഇന്ത്യ റെക്കോര്‍ഡ് ഇട്ടിരുന്നു.

ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയതിന്റെ 50-ാം വര്‍ഷം തികയുമ്പോള്‍ തന്നെയാണ് ഇന്ത്യയുടെ വിജയനേട്ടം.ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ . 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. 2014ല്‍ ചൊവ്വയിലേക്കുളള മംഗള്‍യാന്‍ വിക്ഷേപണത്തിലൂടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ചൊവ്വയിലേക്ക് വിക്ഷേപണം നടത്തിയ രാജ്യം എന്ന റെക്കോര്‍ഡ് ഇന്ത്യ നേടിയിരുന്നു. ഹോളിവുഡ് ചിത്രമായ ഗ്രാവിറ്റിയുടെ നിര്‍മ്മാണത്തിന് 100 മില്യണ്‍ ഡോളര്‍ ചിലവിട്ടപ്പോള്‍ 74 മില്യണ്‍ ഡോളറിന് ഇന്ത്യ ചൊവ്വയിലേക്ക് വിജയകരമായി മംഗള്‍യാന്‍ വിക്ഷേപിച്ചു.

എന്നാൽ വെറും 450 കോടി രൂപ ചെലവിലാണ് മംഗൾ യാൻ ചൊവ്വയിലെത്തിയത്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് മംഗൾയാൻ ദൗത്യത്തിന്‍റേത്. മാത്രമല്ല ആറ് മാസത്തെ ആവശ്യത്തിനായി നിർമിച്ച മംഗൾ യാൻ ഉപഗ്രഹം ഇപ്പോഴും ഒരു കേടും കൂടാതെ ചൊവ്വയിൽ നിൽപുണ്ടെന്നതും ഇന്ത്യയ്ക്ക് മറ്റൊരു നേട്ടമായി.ഐ എസ് ആർ ഒയിലെ 17 ശാസ്ത്രജ്ഞരും എഞ്ചിനീയറുമാണ് ഈ പദ്ധതി കൈകാര്യം ചെയ്തത്.ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ യഥാർത്ഥ ജീവിത കഥയാണ് ഇപ്പോൾ മിഷന്‍ മംഗള്‍ എന്ന സിനിമയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മംഗൾയാനിൽ പ്രവര്‍ത്തിച്ച സ്ത്രീകളെ പ്രകീര്‍ത്തിക്കുന്നതാണ് സിനിമ. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രചോദനം നല്‍കാനും സിനിമ‌ പ്രേരണയാകുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

നേരത്തെ പുറത്തുവിട്ട സിനിമയുടെ ട്രെയ‌ിലറിനെ അഭിനന്ദിച്ച് ഐ.എസ.ആർ.ഒ രം​ഗത്ത് വന്നിരുന്നു. സിനിമയുടെ ട്രെ‌യിലറിൽ ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളിലെ അഭിനിവേശവും വൈകാരികതയും അതേപോലെ പ്രതിഫലിച്ചുവെന്നായിരുന്നു ഐഎസ്ആർഒയുടെ ട്വീറ്റ്. വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽനിന്ന് സിനിമയുടെ ട്രെ‌യിലറിന് ലഭിച്ചത്. ജ​ഗൻ ശക്തി സംവിധാനംചെയ്യുന്ന മിഷന്‍ മംഗള്‍ ഫോക‌്സ‌് സ്റ്റാർ സ്റ്റുഡിയോസ് ആ​ഗസ‌്ത‌് 15ന് എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തില്‍ തിയറ്ററിലെത്തും.

Related Articles

Latest Articles