Friday, May 24, 2024
spot_img

അടയ്ക്ക മോഷണം ആരോപിച്ച് തൃശൂരിൽ ആൾക്കൂട്ട മർദ്ദനം; പ്രതിശ്രുത വരനായ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

തൃശൂർ : കിള്ളിമംഗലത്ത് അടയ്ക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് ആൾക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ നിലവിൽ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്തോഷ് നിലവിൽ ഐസിയുവിലാണ്. ഇയാൾ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വിവരം.

കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ അടയ്ക്ക മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനെ പിടികൂടുന്നതും മർദ്ദനമേറ്റതെന്നുമാണ് ലഭിക്കുന്ന വിവരം. വ്യാപാരിയുടെ വീട്ടിൽനിന്ന് അടയ്ക്ക ചാക്കുകൾ പതിവായി മോഷണം പോകുന്നുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വ്യാപാരി വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതായി മനസ്സിലായത്. തുടർന്ന് വ്യാപാരി അയൽക്കാരെ വിവരമറിയിക്കുകയും ശേഷം എല്ലാവരും ചേർന്നാണ് സന്തോഷിനെ പിടികൂടിയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മതിലിൽനിന്ന് ചാടി സന്തോഷിന് പരുക്കേറ്റതായി നാട്ടുകാർ പറയുന്നുണ്ട്.

പിന്നീട് ഇയാളെ ആൾക്കൂട്ടംകെട്ടിയിട്ട് മർദ്ദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രധാനമായും അഞ്ച് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് സന്തോഷ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.

Related Articles

Latest Articles