Tuesday, April 30, 2024
spot_img

ചൈനീസ് വായ്പ ആപ്പുകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടിയ സംഘം പിടിയിൽ

ഗുരുഗ്രാം: ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റില്‍. ദില്ലി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവനെന്നും ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നതും പോലീസ് പറഞ്ഞു.

കമ്പനിയുടെ ഡയറക്ടര്‍, മാനേജ്‌മെന്റ് സ്റ്റാഫ് തുടങ്ങിയ പദവികളിലാണ് പ്രതികള്‍ ജോലിചെയ്തിരുന്നത്. ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തില്‍ കോള്‍സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി വായ്പ നല്‍കിയിരുന്നതെന്നും ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

25 മുതല്‍ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നല്‍കിയിരുന്നത്. ഇതിനായി വലിയ പ്രോസസിങ് ഫീസും ഈടാക്കിയിരുന്നു. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്നായിരിക്കും വ്യവസ്ഥ. എന്നാല്‍ ഒരിക്കല്‍ തിരിച്ചടവ് തെറ്റിയാല്‍ ഭീഷണി ആരംഭിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് വഴി ഫോണില്‍നിന്ന് സ്വന്തമാക്കുന്ന നമ്പറുകളിലേക്കാം വായ്പയെടുത്തയാളെ അവഹേളിച്ച് സന്ദേശങ്ങള്‍ അയക്കും. പിന്നീട് ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കും. ഒടുവില്‍ വലിയൊരു തുകയാണ് ഇത്തരം സംഘങ്ങള്‍ ആവശ്യപ്പെടുകയെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles