Tuesday, April 30, 2024
spot_img

ആൾക്കൂട്ട ആക്രമണക്കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്

മൂവാറ്റുപുഴ : ആൾക്കൂട്ട മർദ്ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ പിടിയിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ ശക്തമായ അന്വേഷണമുണ്ടാകുമെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എറണാകുളം റൂറല്‍ എസ്‍പി വൈഭവ് സക്സേന പ്രതികരിച്ചു. അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസാണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കേസിൽ പത്ത് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.

അടിയേറ്റ് തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടായതും ശ്വാസകോശം തകർന്നതുമാണ് അശോക് ദാസിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിച്ച അശോക് ദാസിന്റെ പെൺ സുഹൃത്തുക്കൾ അറസ്റ്റിലായവർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. പെൺ സുഹൃത്തുക്കളെ കോടതിയിൽ എത്തിച്ച് രഹസ്യ മൊഴി എടുത്ത ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പെൺകുട്ടികൾ താമസിച്ച വീട്ടിലും കെട്ടിയിട്ട് മർദ്ദിച്ച സ്ഥലത്തുമാണ് പ്രതികളുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയത്. പെൺകുട്ടികളുമായി നടന്ന വാക്ക് തർക്കത്തിനൊടുവിൽ കൈകൾ സ്വയം മുറിവേൽപ്പിച്ച അശോക് ദാസ് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചു എന്നാണ് പോലീസ് പറയുന്നത്.

ക്ഷേത്രത്തിന്‍റെ ഇരുമ്പ് തൂണിൽ കെട്ടിയിട്ടും മർദ്ദനം തുടർന്നു. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും കെട്ടിയിട്ടിരിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടി.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വൈകുന്നേരം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles