Friday, April 26, 2024
spot_img

മൂന്നാര്‍ കയ്യേറ്റം: ദേവികുളം സബ് കളക്ടര്‍ ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ പഞ്ചായത്തില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും സ്റ്റോപ്പ് മെമ്മോ കൊടുത്ത് ഉദ്യോഗസ്ഥരെ തടഞ്ഞതും ഹൈക്കോടതിയെ അറിയിക്കാനാണ് കളക്ടറുടെ തീരുമാനം. റവന്യൂ വകുപ്പിന്‍റെ നടപടികള്‍ തടസപ്പെടുത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് സൂചന.

മൂന്നാറിലെ അനധികൃത നിര്‍മാണം തടയുന്നതിന് റവന്യൂ വകുപ്പ് അധികൃതകര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ എജി ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്‍കും.

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എംഎല്‍എ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്.

Related Articles

Latest Articles