തിരുവനന്തപുരം : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് ഇന്ന് സമാപിക്കും. മത്സരത്തിന്‍റെ സെമിഫൈനൽ-ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസ് 18 മാതൃഭൂമിയുടെ എതിരാളിയാകുമ്പോള്‍ മാധ്യമമാണ് ഏഷ്യാനെറ്റിനോട് ഏറ്റുമുട്ടുക. സെമിഫൈനല്‍ ജേതാക്കളുടെ ഫൈനല്‍ മത്സരവും ഇന്ന് നടക്കും.

സെമിഫൈനല്‍-ഫൈനല്‍ മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകുന്നേരം 4.30ന് കേരള പോലീസ് ബ്ലാസ്റ്റേഴ്സും ചലച്ചിത്ര ഇലവനും തമ്മിലുള്ള ഷോ മാച്ച് നടക്കും. ചലച്ചിത്ര താരങ്ങളുടെ ടീമും കേരള പോലീസിലെ ഐ പി എസ് ഓഫീസർമാരുടെ ടീമും തമ്മിലാണ് ഏറ്റുമുട്ടല്‍. കേരള പോലീസ് ബ്ലാസ്റ്റേഴ്സിനായി എഡിജിപി അനിൽ കാന്തിന്‍റെ നേതൃത്വത്തിൽ ഐ പി എസ് ഉദ്യോഗസ്ഥരായ അനന്തകൃഷ്ണൻ, മനോജ് എബ്രഹാം വിജയ് സാക്കറെ,ദിനേന്ദ്ര കശ്യപ്, അശോക് യാദവ്,ദേബേഷ് കുമാർ ബെഹ്‌റ,തുടങ്ങിയവരാണ് കളിക്കളത്തിലിറങ്ങുക. ചലച്ചിത്ര ഇലവനെ സംവിധായകൻ എം. എ. നിഷാദ് നയിക്കും. ടീമിനായി കൈലാഷ്,സൈജു കുറുപ്പ്, മണിക്കുട്ടൻ,വിവേക് ഗോപൻ, സജി സുരേന്ദ്രൻ,സോഹൻ സീനുലാൽ എന്നിവര്‍ ഗ്രൗണ്ടിലിറങ്ങും.

തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5 ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. ഒ. രാജഗോപാൽ എം എൽ എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, മുൻ കേരള രഞ്ജി ക്യാപ്റ്റൻ സോണി ചെറുവത്തൂർ,  എസ് പി ഫോർട്ട് ആശുപത്രി എംഡി ഡോ അശോക് എന്നിവർ ചടങ്ങില്‍ മുഖ്യാതിഥികളാകും.