തിരുവല്ല: പ്രണയാഭ്യർത്ഥന നിരസിച്ച കവിതയെന്ന 19 കാരിയെ കത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത സഹപാഠി അജിൻ റെജിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. നേരത്തെ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ആക്രമണത്തിനിരയായ പെൺകുട്ടി ഇന്നലെ മരിച്ച സാഹചര്യത്തില്‍ യുവാവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു. കവിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.

തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‍ർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കവിത മരിച്ചത്.

രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണം. ഈ മാസം 12 നാണ് തിരുവല്ലയിൽ നടുറോഡിൽ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിൻ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത. അണുബാധ കൂടിയതാണ് മരണ കാരണമായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവിൽ അജിൻ റെജിൻ മാത്യു മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ്.
പ്രതി അജിന്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.ഇതിനു പുറമെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും അജിന്‍ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.