Friday, May 3, 2024
spot_img

മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും തെലുങ്കു സംവിധായകനുമായ സൂര്യകിരൺ വിടവാങ്ങി; അപ്രതീക്ഷിത വിയോഗം മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

ചെന്നൈ : ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനും പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത അരസി എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത വിയോഗം.

1978-ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായുള്ള അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് മൗന​ഗീതങ്ങൾ, സത്യഭാമ, പടിക്കാത്തവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ബാലതാരമായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

2003-ൽ സത്യം എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. 2020-ലെ ബി​ഗ് ബോസ് സീസൺ -4 മത്സരാർത്ഥിയുമായിരുന്നു.

നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. വിവാഹമോചനത്തിന് ശേഷം പൊതുവിടങ്ങളിൽ നിന്ന് അകന്നിരിക്കുകയായിരുന്ന സൂര്യകിരണിന്റെ തിരിച്ചുവരവ് ബി​ഗ് ബോസിലൂടെയായിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തേക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.

Related Articles

Latest Articles