Thursday, May 16, 2024
spot_img

”താലിബാന്റെ കൈയ്യിൽ അകപ്പെടുന്നതിനേക്കാൾ നല്ലത്, സ്വയം വെടിവച്ചു മരിക്കുന്നത്…” തന്റെ പ്രാണൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അഫ്ഗാന്‍ പോപ് താരം

ഇസ്താംബൂൾ: താലിബാൻ അഫ്ഗാൻ കീഴടക്കിയതിനു പിന്നാലെ അഫ്ഗാന്‍ പോപ്പ് താരം ആര്യാന സയീദ് രാജ്യം വിട്ടിരുന്നു. ഇപ്പോഴിതാ താൻ അഫ്ഗാനിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ജീവനോടെ ഇപ്പോഴിരിക്കുന്നതിനു പിന്നിലെ സംഭവം അവർ വ്യക്തമാക്കിയത്.

കാബൂളിൽ നിന്നും ഇസ്താംബൂളിലേയ്ക്കാണ് താരം രക്ഷപ്പെട്ടത്. എന്നാൽ താൻ രക്ഷപ്പെടുന്നതിനിടയിൽ താലിബാൻ ഭീകരർ തന്നെ പിടിച്ചാൽ തന്നെ അങ്ങ് വെടിവച്ചു കൊലപ്പെടുത്തിയേക്കണമെന്നാണ് ഒപ്പമുണ്ടായിരുന്ന തന്റെ പ്രതിശ്രുത വരനോടും, മാനേജരോടും അവർ പറഞ്ഞിരുന്നത്. ഒരിക്കലും തന്നെ ജീവനോടെ അവർക്ക് വിട്ടുകൊടുക്കരുത് എന്നും പറഞ്ഞു.

അഫ്ഗാൻ പോപ്പ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഞാൻ പോകുന്നതിനിടയിൽ ഭീകരർ എന്നെ പിടിച്ചാൽ, ഉടൻ എന്റെ തലയിൽ വെടിയുതിർക്കുക” എന്നാണ്.

എന്നാൽ ആദ്യം അവർ രക്ഷപ്പെടുന്നതിനായി നടത്തിയ ശ്രമം വിജയിച്ചില്ല. കാബൂളിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യ ശ്രമം നടത്തിയത് താലിബാൻ കാബൂൾ പിടിച്ചടക്കിയ ദിവസമായ ഓഗസ്റ്റ് 15 നായിരുന്നു. എന്നാൽ അന്ന് അവർ കയറാൻ ഉദ്ദേശിച്ചിരുന്ന വിമാനം പറന്നുയർന്നില്ല. അടുത്ത ദിവസം താരം തന്റെ രണ്ടാമത്തെ ശ്രമവും നടത്തി, അതിനുശേഷം പോപ്പ് താരം ദോഹ, കുവൈറ്റ്, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്രകൾ നടത്തി, എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ അവർ ഇസ്താംബൂളിലാണ്.

അതേസമയം കാബൂളിലെ എയർപോർട്ടിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിൽ അവർ വിമാനത്തിനായി കാത്തിരിക്കുമ്പോൾ, ഒരു കുട്ടി തന്റെ മടിയിൽ വന്നിരുന്നു. അപ്പോഴാണ് മറ്റൊരു ബുദ്ധി തന്റെ മനസ്സിൽ ഉദിച്ചതെന്നും ആര്യാന അഭിമുഖത്തിൽ പറഞ്ഞു. ” ഞാൻ നിങ്ങളുടെ അമ്മയാണ്, എന്റെ പേര് ആര്യനല്ല, ഫ്രെസ്റ്റയാണ് എന്നുപറഞ്ഞ് ആ കുട്ടിയെ പിടിച്ചു മടിയിലിരുത്തി. അതേസമയം അമേരിക്കൻ പൗരന്മാർ അല്ലാത്തതിനാൽ യുഎസ് സൈനികർ അവരെ കടത്തിവിടാൻ ആദ്യം വിസ്സമ്മതിച്ചു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു വ്യക്തി താരത്തെ തിരിച്ചറിഞ്ഞു. ഇവർ അഫ്ഗാൻ പോപ്പ് താരമാണെന്ന് സൈനികരോട് അയാൾ പറഞ്ഞു.

ഒടുവിൽ ആ സൈനികരോട് തന്റെ അവസ്ഥ ആര്യാന സയീദ് തുറന്നുപറഞ്ഞു. ” എന്റെ രക്തത്തിനായി താലിബാൻ ഭീകരർ ദാഹിക്കുകയാണ്… അഫ്ഗാനിൽ താലിബാൻ ഉണ്ടെങ്കിൽ അവർ എന്നെ ജീവിക്കാൻ അനുവദിക്കില്ല” എന്നും അവർ സൈനികരോട് പറഞ്ഞു.

അതേസമയം നേരത്തെ താലിബാന് ഭീകരവാദത്തിന് പണം നൽകുന്നത് പാകിസ്ഥാനാണെന്ന ഗുരുതര ആരോപണവുമായി ആര്യാന സയീദ് രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്റെ നിര്‍ദ്ദേശമനുസരിച്ചാണ് താലിബാൻ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. താലിബാന്റെ അടിത്തറ പാകിസ്ഥാനിലാണ്. അവര്‍ പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം അവരുടെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുകയും പാകിസ്താന് ഫണ്ട് നൽകാതിരിക്കുകയും ചെയ്യണമെന്നും അവര്‍ പറയുന്നു. അതിലൂടെ താലിബാൻ ഫണ്ട് നൽകാൻ അവർക്ക് മതിയായ പണമില്ലെന്നും അവര്‍ പറയുന്നു. ഇതിനുപിന്നാലെ താരം താലിബാൻ ഭീകരരുടെ പ്രധാന നോട്ടപ്പുള്ളികളിൽ ഒരാൾ കൂടിയായിരുന്നു.

Related Articles

Latest Articles