Tuesday, April 30, 2024
spot_img

“ജീവിതത്തിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ് പക്ഷെ രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ മുന്നിൽ നിന്ന ഐ എസ് ആർ ഒ ചെയർമാൻ കെ ശിവന്റെ തോളിൽ തട്ടി പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകൾ പ്രചോദനമായി; പരാജയത്തിൽ നിന്ന് ഐ എസ് ആർ ഒ നടത്തിയത് അസാമാന്യ തിരിച്ചുവരവ്

ശ്രീഹരിക്കോട്ട: 2019 സെപ്റ്റംബർ 07 പുലർച്ചെ 01:55 ചരിത്ര നേട്ടത്തിനരികിൽ നിൽക്കുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ആ പരാജയ വാർത്ത വരുന്നത്. ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യത്തിൽ ഓർബിറ്ററിൽ നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ രണ്ട് കിലോമീറ്റർ അടുത്തെത്തുംവരെ എല്ലാം നിശ്ചയിച്ച പോലെ നടന്നു. എന്നാൽ പൊടുന്നനെ ബംഗളുരുവിലെ മിഷൻ കണ്ട്രോൾ റൂമുമായുള്ള ലാൻഡറിന്റെ ബന്ധം നഷ്ടപ്പെട്ടു. സോഫ്റ്റ് ലാൻഡിംഗ് പാരായപ്പെട്ടുവെന്നും ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കി തകർന്നെന്ന് രാജ്യം മനസ്സിലാക്കിത്തുടങ്ങിയ നിമിഷം. വിജയിച്ചിരുന്നെങ്കിൽ അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി മാറുമായിരുന്നു ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ മിഷൻ കണ്ട്രോൾ റൂമിന്റെ സന്ദർശക ഗാലറിയിൽ ഇരുന്ന് ലാൻഡിംഗ് വീക്ഷിക്കുമ്പോൾ ഐ എസ് ആർ ഒ ചെയർമാൻ കെ ശിവന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനാകില്ല. കോടിക്കണക്കിന് രൂപ മുടക്കിയ പദ്ധതി വിജയം കാണാത്ത നിരാശയിൽ അദ്ദേഹം വിങ്ങിപ്പൊട്ടി. ഒരു കൊച്ചു കുട്ടിയെപ്പോലെ അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകി. രാജ്യത്തെ ബഹിരാകാശ മേഖലയുടെ ഒന്നാകെ ആത്മവിശ്വാസം ചോർന്നുതുടങ്ങിയ നിമിഷങ്ങൾ.അപ്പോഴാണ് ദേവസ്പർശം പോലെ ആ കരങ്ങൾ ഐ എസ് ആർ ഒ ചെയർമാൻ കെ ശിവനെ ആലിംഗനം ചെയ്തത്. “ജീവിതത്തിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ് പക്ഷെ രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു” എന്ന വാക്കുകൾ അദ്ദേഹത്തിന്റെ തോളിൽ തട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോഴാണ് പരാജയത്തിന്റെ ആഴങ്ങളിൽ നിന്ന് രാഷ്ട്രത്തിന്റെ ആത്മവിശ്വാസം ഒരു റോക്കറ്റ് കണക്കെ കുതിച്ചുയരുന്നത്.

ഇത് ധൈര്യം കൈവിടാതെ ആത്മവിശ്വാസത്തോടെ ഇരിക്കേണ്ട നിമിഷങ്ങളാണെന്ന് പിന്നീട് പ്രധാനമന്ത്രി ചെയ്ത ട്വീറ്റിലും രാജ്യം ആഗ്രഹിച്ച പ്രചോദനമുണ്ടായിരുന്നു. ശാസ്ത്രജ്ഞരുടെ കഴിവിൽ രാജ്യത്തിന് വിശ്വാസമുണ്ടെന്നും രാജ്യം അവരുടെ കഠിനാധ്വാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം എഴുതി. പ്രചോദനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കലവറയായിരുന്നു പ്രധാനമന്ത്രിയുടെ ആ ആലിംഗനം. ലോകത്തിലെ മുൻനിര ബഹിരാകാശ ഏജൻസികളിൽ ഒന്നായ ഇസ്രോയുടെ തലവന് ഒരു തിരിച്ചുവരവിനുള്ള ബൂസ്റ്റർ എൻജിനായിരുന്നു. തുടർന്ന് നാലുവർഷം കൊണ്ട് മറ്റൊരു മിഷന് ഐ എസ് ആർ ഒ ഒരുങ്ങിക്കഴിഞ്ഞു. നാലുവർഷം മുൻപ് രുചിച്ച പരാജയത്തിന് കണക്കു തീർക്കാൻ ഐ എസ് ആർ ഒ യുടെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം എൽ വി എം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയുടെ രണ്ടാം വിക്ഷേപണത്തറയിൽ കുതിപ്പിനൊരുങ്ങി നിൽക്കുകയാണ്. കൗണ്ട് ഡൗൺ ആരംഭിച്ചു നാളെ ഉച്ചക്ക് 0225 നാണ് വിക്ഷേപണം.

വിക്ഷേപണത്തിന് മുന്നോടിയായുള്ള പരിശോധനകളും റിഹേഴ്‌സലും പൂർത്തിയായിക്കഴിഞ്ഞു. എല്ലാം കൃത്യമാണെന്ന് ഒരിക്കൽക്കൂടി പരിശോധിക്കുന്ന എം ആർ ആർ അഥവാ മിഷൻ റെഡിനെസ് റിവ്യൂ പൂർത്തിയായി. സഞ്ചരിക്കേണ്ടത് 3.84 ലക്ഷം കിലോമീറ്ററാണ് ഓഗസ്റ്റ് 23 നോ 24 നോ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങണം. ലോകം ഉറ്റുനോക്കുന്ന മിഷനിൽ വിജയം ഭാരതത്തിനൊപ്പമായിരിക്കും എന്ന് തറപ്പിച്ച് പറയുകയാണ് ഐ എസ് ആർ ഒ. ഭരണ തലപ്പത്ത് അതേ നരേന്ദ്രമോദി. ഇത്തവണയും ഭാരതത്തിന്റെ ചാന്ദ്ര പര്യവേഷണ വാഹനമിറങ്ങുക ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തന്നെയായിരിക്കും. ലോകത്തിൽ ഒരു രാജ്യവും ഇതുവരെ ഇറങ്ങാൻ ധൈര്യപ്പെടാത്ത മേഖലയിൽ. മനുഷ്യരാശിക്ക് ഇന്നുവരെ അന്യമായിരുന്ന പല അറിവുകളും ചന്ദ്രയാൻ ലോകത്തിന് നല്കുമെന്നുറപ്പാണ്. അസാധ്യമായതെന്തും സാധ്യമാക്കുകയാണ് പുതിയഭാരതം.

Related Articles

Latest Articles