Monday, May 6, 2024
spot_img

നാസറിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും

മലപ്പുറം : 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും. ഇയാളെ താനൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്കു ശേഷം പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം. ഇയാളെ അപകടസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനായി കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡി ആവശ്യപ്പെടും .താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട്ടു നിന്ന് പിടിയിലായ നാസറിനെ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും, സ്ഥലത്തെ ജനരോഷം കണക്കിലെടുത്ത് ആ നീക്കം ഉപേക്ഷിച്ചു. ഇയാൾ പിടിയിലായതറിഞ്ഞ് നിരവധിയാളുകളാണ് താനൂർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. പിന്നാലെ നാസറിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

അതെ സമയം ബോട്ട് നിയന്ത്രിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശി ദിനേശനും ജീവനക്കാരൻ രാജനും ഇപ്പോഴും ഒളിവിലാണ്. ബോട്ട് മുങ്ങിയതോടെ നീന്തി കരയ്ക്കെത്തിയ ഇരുവരും രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഇവർ അപകടത്തിൽപ്പെട്ടെന്ന ധാരണയിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇവർ ഉടൻ തന്നെ പൊലീസ് വലയിലാകുമെന്നാണ് കരുതുന്നത്.

നാസറിനെ ഇന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്, അന്വേഷണ ചുമതലയുള്ള താനൂർ ഡിവൈഎസ്പി കെ.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ചട്ടവിരുദ്ധമായി നിർമിച്ച ബോട്ടിന് അനുമതി ലഭിച്ച വഴിയും നിയമം ലംഘിച്ച് രാത്രി വൈകിയും സർവീസ് നടത്തിയതുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങളും ഇയാളെ പൊലീസ് തിരയുന്ന ഘട്ടത്തിൽ മൊബൈൽ ഫോണുമായി സഹോദരൻ ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് യാത്ര ചെയ്തത് അന്വേഷണം വഴി തെറ്റിക്കാനാണോ എന്നതു സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles