Friday, May 17, 2024
spot_img

രാജ്യത്ത് 24 മണിക്കൂറിനിടെ 42,909 പേർക്ക് രോഗം; പകുതിയിലധികവും കേരളത്തിൽ; സംസ്ഥാനത്ത് രാത്രി കർഫ്യു ഇന്നുമുതൽ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ 380 മരണങ്ങൾ കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

29,836 പേര്‍ക്കാണ് ഇന്നലെ കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. 75 പേര്‍ മരിച്ചു. അതേസമയം കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ വരും. കേന്ദ്രത്തിന്റെ കർശനമായ നിർദേശത്തെ തുടർന്നാണ് നടപടി. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു ഉണ്ടായിരിക്കുക. കർഫ്യു സമയത്ത് വ്യക്തികളുടെ സഞ്ചാരം കർശനമായി തടയുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ആവശ്യസർവ്വീസുകൾ, ആശുപത്രി യാത്ര,(കൂട്ടിരിപ്പിന് ഉൾപ്പടെ), അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം. ചരക്കുനീക്കം എന്നിവയ്‌ക്ക് മാത്രമാണ് ഇളവുള്ളത്. മറ്റുള്ളവർ അടുത്ത പോലീസ് സ്‌റ്റേഷനിൽ നിന്നും യാത്രാനുമതി വാങ്ങണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,763 പേർ രോഗമുക്തി നേടി. നിലവിൽ 3,76,324 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,19,23,405 പേരാണ് കൊറോണ മുക്തരായത്. വാക്‌സിനേഷൻ ആരംഭിച്ചതു മുതൽ ഇതുവരെ 63.43കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. ആകെ രോഗികളിൽ 1.15 ശതമാനം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.3.02 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 97.51 ശതമാനമാണ് രോഗമുക്തി നിരക്ക്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles