Friday, May 3, 2024
spot_img

നവഭാരത ശിൽപിയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളുമായി ബിജെപി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ. രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 02 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ പരിപാടിയാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിപുലമായ സേവന പരിപാടികളും പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗർ എന്ന ഒരു ഗ്രാമത്തിൽ ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി 1950 സെപ്റ്റംബർ 17 നായിരുന്നു നരേന്ദ്രമോദിയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മോദി പിൽക്കാലത്ത് ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1975 ൽ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സംഘടനയുടെ രഹസ്യപ്രവർത്തനങ്ങളുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചു.

1979ൽ ഡൽഹിയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം 1985 ൽ ഗുജറാത്തിലേക്ക് മടങ്ങിയെത്തി. 1987 ൽ പാർട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1990 ൽ അദ്ധ്വാനി സംഘടിപ്പിച്ച രാമരഥയാത്രയുടെയും 1992ൽ മുരളി മനോഹർ ജോഷി സംഘടിപ്പിച്ച ഏകതായാത്രയുടെയും മുഖ്യ സംയോജകൻ നരേന്ദ്രമോദിയായിരുന്നു. 1995 ൽ ഗുജറാത്തിലെ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അക്കൊല്ലം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന് നേതൃത്വം നൽകി. തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പ്രഭാരിയായി ചുമതലയേറ്റു. 1998 ലാണ് നരേന്ദ്രമോദിയെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിക്കുന്നത്.

2001 ഒക്ടോബർ മൂന്നിന് പാർട്ടി അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ നിയോഗിച്ചു. 2014 മേയ് 22 വരെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. തന്റെ പ്രവർത്തന കാലയളവിൽ ഗുജറാത്തിനെ വ്യാവസായികമായി മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമാക്കി മാറ്റാൻ നരേന്ദ്രമോദിയ്‌ക്ക് സാധിച്ചു. വികാസ് പുരുഷ് എന്ന് ജനങ്ങളാൽ പ്രകീർത്തിർത്തിക്കപ്പെട്ട അദ്ദേഹത്തെ 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന മുഖമാക്കി. ഭാരതത്തിന്റെ ചരിത്രത്തിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ആദ്യ ബിജെപി സർക്കാരിലെ പ്രധാനമന്ത്രിയായി 2014 മേയ് 26 ന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കഴിഞ്ഞ 9 വർഷം കൊണ്ട് രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ നരേന്ദ്രമോദിക്ക് സാധിച്ചു.

Related Articles

Latest Articles