Saturday, May 4, 2024
spot_img

നവകേരള സദസിന് ബസുകൾ സൗജന്യമായി വേണം; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ; വാടക നൽകാതെ വാഹനം വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ. വാടക നൽകാതെ ബസ് വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നാല് ദിവസം നീളുന്ന പരിപാടിക്കായി അറുപത് ബസുകൾ ആവശ്യപ്പെട്ടതായാണ് ഉടമകൾ പറയുന്നത്. ഉദ്യോഗസ്ഥർ രേഖാ മൂലം ആവശ്യപ്പെട്ടാൽ മാത്രം ബസുകൾ വിട്ടു നൽകിയാൽ മതിയെന്ന നിലപാടിലാണ് ഉടമകൾ.

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവകേരള സദസിന് ബസ് വിട്ടു കൊടുത്താൽ പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ നഷ്ടം വരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലീസിനായി ഓടിയ പണം ഇതുവരെയും കിട്ടിയിട്ടില്ലെന്നും ബസുടമകൾ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ സേവനമെന്ന നിലയിലാണ് ബസുകൾ ആവശ്യപ്പെട്ടതെന്നും ആരേയും നിർബന്ധിച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നവകേരള സദസിന് വേണ്ട ഗതാഗത സൗകര്യം ഏർപ്പെടുത്താനുള്ള ചുമതല അതത് ജില്ലകളിലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നൽകിയിരിക്കുന്നത്. നോഡൽ ഓഫീസർമാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് വാഹനങ്ങൾ സംഘടിപ്പിച്ചു കൊടുക്കേണ്ടത്. പരിപാടി നടക്കുന്ന ദിവസങ്ങളിൽ ഉദ്യോഗസ്ഥരെ എത്തിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടമകൾക്ക് മേൽ സമ്മർദം ചെലുത്തുന്നതായാണ് വിവരം.

Related Articles

Latest Articles