Friday, April 26, 2024
spot_img

മലയാളികളുടെ ഹൃദയം കീഴടക്കിയ “പരീക്കുട്ടി”; മലയാളത്തിന്റെ മധുസ്മിതത്തിന് ഇന്ന് 88 ആം പിറന്നാൾ

മലയാളികളുടെ പ്രിയ നടനും മലയാള സിനിമയിലെ കാരണവരുമായ (Actor Madhu) മധുവിന് ഇന്ന് 88 ആം പിറന്നാൾ. കോവിഡ് മഹാമാരിയുടെ കാലമായതിനാൽ ഇക്കുറിയും വിപുലമായ പിറന്നാൾ ആഘോഷങ്ങളുണ്ടാകില്ല. നിരവധിപേരാണ് ഇതിനോടകം തന്നെ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.സംവിധായകൻ വിജി തമ്പി ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ മലയാളത്തിന്റെ മഹാനടന് ആശംസകൾ നേർന്നു. താരത്തിന്റെ ബാല്യകാല ചിത്രമുൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു സംവിധായകൻ ആശംസകൾ പങ്കുവച്ചത്.

സംവിധായകൻ വിജി തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

“മലയാളത്തിന്റെ മഹാ നടൻ പി. മാധവൻ നായർ എന്ന മധു സാറിന് ജന്മദിനാശംസകൾ……
വളരെ വലിയ ഒരു ഹൃദയത്തിന് ഉടമയായ ഈ മനുഷ്യ സ്നേഹിക്ക്, ഈ വലിയ കലാകാരന് ഇനിയും കാലങ്ങളോളം ആയുസ്സും ആരോഗ്യവും കനിഞ്ഞു നൽകി അനുഗ്രഹിക്കാൻ സാക്ഷാൽ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു……”

മഹാനടന്റെ ആദ്യകാല ജീവിതം

തിരുവനന്തപുരം (Trivandrum) മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്തംബർ 23ന് മാധവൻ നായർ എന്ന മധു ജനിച്ചു. മലയാള സിനിമയുടെ ശൈശവ കാലം മുതൽ സിനിമയോട് ചേർന്നുള്ള ജീവിതയാത്ര ഇന്നും തുടരുകയാണ് പകരംവയ്ക്കാനാകാത്ത ഈ അതുല്യപ്രതിഭ. അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമ്മാണത്തിലും കൈയ്യൊപ്പ് പതിപ്പിച്ച മധു കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ചേക്കേറിയത്. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായിരുന്നു. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരിക്കെയാണ് ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ അഭിനയം പഠിക്കാൻ പോയത്. 1959ൽ എൻ.എസ്.ഡി യുടെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു. ഈ കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സിനമയുടെ ബിഗ് സ്ക്രീൻ അദ്ദേഹത്തിന് മുന്നിലേക്ക് തുറക്കപ്പെടുകയായിരുന്നു.

മാധവൻ നായർ ‘മധു’വായ കഥ

ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ അരങ്ങേറ്റം. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധുവാക്കി മാറ്റിയത്. ആദ്യം അഭിനയിച്ച (Malayalam) മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ.പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്പാടുകൾ’ ആണ്. ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ മനസിൽ തന്റേതായ ഒരിടം ഒരുക്കിയെടുത്തു. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്.

ഇന്നും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന പരീക്കുട്ടി

മധുവിന്റെ ഏറ്റവും ജനഹൃദയം കീഴടക്കിയ കഥാപാത്രമായിരുന്നു ചെമ്മീനിലെ പരീക്കുട്ടി. പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാൻ മധുവിനായി. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. ക്ഷുഭിത യൗവ്വനവും പ്രണയാതുരനായ കാമുകനുമൊക്കെയായി നിരവധി സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങി.

മലയാളം, ഹിന്ദി, തമിഴ് (Tamil) ഭാഷകളിലായി 370ൽ കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1980ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരസ്കാരവും 2004ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയൽ അവാർഡും ലഭിച്ചു. 2013ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.താരജാഡയൊന്നും ഇല്ലാത്ത സ്നേഹബന്ധങ്ങൾക്ക്‌ ഉടമയായ മധു കാമറയ്ക്ക് മുന്നിൽ മാത്രമായി അഭിനയിച്ചു തീർക്കാൻ തയ്യാറല്ലായിരുന്നു. സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ നിലകളിലേക്കും വളർന്നു. മെരിലാന്റ്, ഉദയ എന്നീ സ്റ്റുഡിയോകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ 1976ൽ തിരുവനന്തപുരം പുളിയറക്കോണത്ത് ഉമ ആർട്സ് സ്റ്റുഡിയോ മധുവിന്റെ ഉടമസ്ഥതയിൽ ആരംഭിച്ചു. മലയാള സിനിമ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക്‌ പറിച്ചുനടപ്പെട്ട ആ കാലഘട്ടത്തിൽ മറ്റു പല സിനിമാ നിർമാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി. 1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പന്ത്രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇവയിൽ പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി. കൂടാതെ മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങി 15 ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

Related Articles

Latest Articles