Saturday, April 27, 2024
spot_img

കള്ളൻ കപ്പലിൽ തന്നെ? ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കും? ഭീഷണി സന്ദേശം അയച്ചത് കപ്പല്‍ശാലയില്‍ ഉള്ളവര്‍ തന്നെ; കേസിൽ അറസ്റ്റ് ഉടനെന്ന് പോലീസ്

കൊച്ചി: കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടനെന്ന് പോലീസ്. ഭീഷണി സന്ദേശം അയച്ചവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചെന്നാണ് സൂചന. സന്ദേശമയച്ചത് കപ്പല്‍ ശാലയിലുള്ളവര്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. കപ്പല്‍ ശാലയിലെ ജീവനക്കാര്‍ തമ്മിലുള്ള വൈര്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. അതേസമയം കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു.

എന്നാൽ കേസില്‍ പോലീസ് സംശയിക്കുന്ന ഒരാളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടുള്ളതായാണ് സൂചന. ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പൽ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം വന്നത്. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് കൊച്ചി കപ്പൽശാലയ്‌ക്ക് ഇ മെയിൽ വഴി അയച്ചിരിക്കുന്ന അജ്ഞാത സന്ദേശത്തിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയിലുണ്ടായിരുന്നു. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

അതേസമയം കൊച്ചിയിൽ കപ്പൽ നിർമ്മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ അനധികൃതമായി കപ്പൽ ശാലയിൽ ജോലി ചെയ്തത് അന്വേഷണ ഏജൻസികൾ നേരത്തെ പരിശോധിച്ചിരുന്നു. ഇയാൾക്ക് ഭീകര ബന്ധമുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു ഏജസികൾ. നേരത്തെ ഇയാൾ പാകിസ്ഥാനിൽ ജോലി ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ കപ്പൽശാലയ്‌ക്ക് അകത്തേക്ക് ഇയാൾ പ്രവേശിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്ന് കേസ് അന്വേഷണം എൻഐഎയ്‌ക്കു വിടാൻ പോലീസ് തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് അജ്ഞാത ഭീഷണി സന്ദേശം ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഭീഷണി സന്ദേശം വന്നത്.

Related Articles

Latest Articles