Tuesday, April 30, 2024
spot_img

‘എൻഡിഎ വീണ്ടും അധികാരത്തിൽ വരും; കോൺഗ്രസ് പ്രകടനപത്രിക വെറുമൊരു കടലാസ് കഷണമായി മാറും’: കേന്ദ്രമന്ത്രി എസ് ജയശങ്കർ

ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കോൺഗ്രസ് പ്രകടനപത്രിക യാതൊരു പ്രസക്തിയും ഇല്ലാത്ത വെറുമൊരു കടലാസ് കഷണമായി മാറും. എൻഡിഎ 400 സീറ്റുകളോടെ വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടന മാറ്റി എഴുതുമെന്ന തരത്തിൽ കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്നും 400 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് സമ്മതിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. രാജ്യത്തെ വികസനത്തിലേക്ക് നയിച്ചു കൊണ്ടായിരിക്കും ആ 400 സംഖ്യയെ ഞങ്ങൾ പ്രയോജനപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വലിയൊരു ഭൂരിപക്ഷം നേടി രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ചെയ്യുന്നത് നിങ്ങൾ കാണും.

ജവഹർ ലാൽ നെഹ്‌റു മുതൽ നരേന്ദ്രമോദി വരെയുള്ള ആരുമായിക്കോട്ടെ, പ്രധാനമന്ത്രിയാണ് ആ രാജ്യത്തിന്റെ നേതാവ്. അങ്ങനെ ഉള്ളപ്പോൾ അദ്ദേഹത്തെ അംഗീകരിക്കില്ല എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? യുപിഎ ഭരണകാലത്ത് മൻമോഹൻ സിംഗിനെ അവഹേളിച്ച ആളാണ് രാഹുൽ ഗാന്ധി. നിങ്ങളുടെ പാർട്ടി ഒരു കുടുംബ സംരംഭമായത് കൊണ്ട് തന്നെ പ്രധാനമന്ത്രിയെക്കാൾ മുകളിലാണ് നിങ്ങളുടെ സ്ഥാനം എന്നാണോ കരുതുന്നത്?

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലും ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളത്. പ്രകടനപത്രികയിലൂടെ അല്ല, മറിച്ച് 10 വർഷത്തെ ട്രാക്ക് റെക്കോർട്ട് ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുന്നത്. അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ വികസനം നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് വളരെ പ്രാധാന്യമുള്ളതാണ്. മൂന്നാം ടേമിലും കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ജയശങ്കർ പറയുന്നു.

Related Articles

Latest Articles