Monday, April 29, 2024
spot_img

UCC ഇന്ത്യയിൽ ആവശ്യം; CPMന്റെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് നുസ്രത്ത് ജഹാൻ !!

ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്ത, സിപിഎം നിലപാടിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. നവോത്ഥാനം പറയുന്ന സിപിഎം എന്ന് മുതലാണ് നവോത്ഥാനം മറന്ന്, മാർക്‌സിസത്തെ മാറ്റി എഴുതി, ഇഎംസിനെ തള്ളിപ്പറയാൻ തുടങ്ങിയതെന്ന് നുസ്രത്ത് ജഹാൻ തുറന്നടിച്ചു. സിപിഎമ്മിന്റെ മാറ്റം വല്ലാത്തൊരു വിസ്മയമാണ്. ശബ്ദിക്കുന്ന പെണ്ണുങ്ങളുടെ വായ മൂടാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഭർത്താവ് മൊഴി ചൊല്ലി പോയ ഒരു പെണ്ണിന് എന്തൊക്കെയാണ് സഹിക്കേണ്ടി വരുന്നതെന്ന് ആർക്കെങ്കിലും അറിയുമോ എന്നും മൊഴി ചൊല്ലിയ ആൾക്കെതിരെ കേസ് കൊടുത്താൽ കുട്ടികൾക്ക് ചിലവ് കൊടുക്കുന്നതടക്കം നിർത്തുന്നവർ ഇന്ന് കേരളത്തിലുണ്ടെന്നും നുസ്രത്ത് ജഹാൻ തുറന്നടിച്ചു.

അതേസമയം, മുസ്ലീം സ്ത്രീകളുടെ ദുരിതം തുറന്നു കാണിക്കുന്ന നൂറ് കണക്കിന് കേസുകളുണ്ട്. മതത്തിന്റെ പേര് പറഞ്ഞ് കേസുകൾ പരി​ഗണിക്കാൻ പോലും പോലീസ് മടിക്കുകയാണ്. വോട്ടിനു വേണ്ടി മുസ്ലീം സ്ത്രീകളെ അടിച്ചൊതുക്കാമെന്ന് കരുതേണ്ടെന്നും അതിന് പിന്തുണ കൊടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് തീരെ യോജിച്ചതല്ലെന്നും നുസ്രത്ത് ജഹാൻ തുറന്നടിച്ചു. മുസ്ലീം സ്ത്രീകൾക്ക് നീതി വേണം. വിവാഹം കഴിച്ചിട്ട് ഉപേക്ഷിച്ചിട്ട് പോകുന്ന കുട്ടികൾക്ക് ജീവനാംശവും ലഭിക്കണം. കൂടാതെ, ബഹുഭാര്യത്വം നിർത്തലാക്കണം. സെമിനാർ എന്നത് കൂട്ടായ ചര്ച്ചയാണെന്നും സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതെ ചർച്ച വെയ്‌ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നതെന്നും നുസ്രത്ത് ജഹാൻ ചോദിച്ചു. വിവാഹ മോചനം, സ്വത്തവകാശം, മുത്തലാഖ്, ബഹുഭാര്യത്വം എന്നീ വിഷയങ്ങളിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണം. ബഹുഭാര്യത്വമൊക്കെ അംഗീകരിച്ചു കൊടുക്കാനാണോ സിപിഎമ്മിന്റെ പ്ലാനെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പമുള്ള സ്ത്രീകളെ പോലും സിപിഎം സദസ്സിൽ ഇരുത്തിയില്ലെന്നും നുസ്രത്ത് ജഹാൻ തുറന്നടിച്ചു.

കൂടാതെ, ശരിയത്ത് നിയമം കൊണ്ട് മുസ്ലീം സ്ത്രീകളെ അടിച്ചമർത്താം എന്ന് സി.പി.എം വിചാരിക്കേണ്ട. ശബ്ദിച്ചാൽ ഇസ്ലാമിന് പുറത്താകുമോ എന്ന പേടിയാണ് മുസ്ലീം സ്ത്രീകൾക്കുള്ളത്. ഒരുപാട് കാര്യം സ്ത്രീകൾക്ക് പറയാനുണ്ട്. പക്ഷെ, അവരെയെല്ലാം അകത്ത് പൂട്ടി വെച്ചിരിക്കുകയാണെന്നും നുസ്രത്ത് ജഹാൻ തുറന്നടിച്ചു. താൻ സംസാരിക്കുന്നത് മുസ്ലീം സ്ത്രീകൾക്ക് വേണ്ടിയാണെന്നും മുസ്ലീം സ്ത്രീകൾക്ക് എന്ത് നീതിയാണ് ലഭിക്കുന്നതെന്നും നുസ്രത്ത് ജഹാൻ ചോദിച്ചു. മുസ്ലീം പണ്ഡിതന്മാർ പറയുന്നതല്ല കേൾക്കണ്ടത്. അവനവൻ തന്നെ സംസാരിക്കണം. മുസ്ലീം സ്ത്രീകൾ ഇതിനെതിരെ ശബ്‌ദിക്കുക തന്നെ വേണമെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. അതേസമയം, പർദ്ദ ഇട്ടവരെ കൊണ്ടുവന്ന് ഐക്യം കാണിച്ച സിപിഎം എന്തുകൊണ്ടാണ് സെമിനാർ നടന്ന വേദിയിൽ ഒരു സ്ത്രീയെ കൊണ്ടുവരാഞ്ഞത്. സമസ്തയെ പേടിച്ചാണോ സിപിഎം ഈ നിലപാട് സ്വീകരിച്ചതെന്നും നുസ്രത്ത് ജഹാൻ ചോദിക്കുന്നു. സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും. അതാണ് സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ പ്രധാനമന്ത്രി കൊണ്ടുവരുന്നതെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി.

Related Articles

Latest Articles